ദയാ ഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രിംകോടതി
ദയാ ഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി മുകേഷ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രിംകോടതി. റജിസ്ട്രാറെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിഭാഷകന് നിര്‍ദേശം നല്‍കി. അതേസമയം, പൊലീസ് വ്യാജസാക്ഷിയെ ഹാജരാക്കിയെന്ന് ആരോപിച്ച് പ്രതി പവന്‍കുമാറിന്റെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി വിധി പറയാന്‍ മാറ്റി.
രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്തും ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കണമെന്ന മരണവാറന്റ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതി മുകേഷ് കുമാര്‍ സിംഗിന്റെ ഹര്‍ജി. രാവിലെ മുകേഷിന്റെ അഭിഭാഷകന്‍ ഹര്‍ജിയുടെ കാര്യം സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടതാണെങ്കില്‍ ആ ഹര്‍ജിക്ക് അടിയന്തര പ്രാധാന്യം തന്നെ നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കുകയായിരുന്നു.
മുകേഷിന്റെ ദയാഹര്‍ജി ജനുവരി പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്. വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പ്രതി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. മുകേഷ് കുമാര്‍ സിംഗിന്റെ പുനഃപരിശോധനാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നേരത്തെ കോടതി തള്ളിയിരുന്നു. വധശിക്ഷയ്ക്ക് മുന്നോടിയായി മുകേഷ് കുമാറിനെ ഏകാന്ത തടവിലേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights: Suprem Court, Nirbhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here