സഭയില്‍ നാടകീയ രംഗങ്ങള്‍; സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു; വിയോജിപ്പോടെ പൗരത്വ നിയമത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള പതിനെട്ടാം പാരഗ്രാഫ് വായിക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ നിലപാടെടുത്തിരുന്നു. ഇക്കാര്യം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഭാഗം വായിക്കുകയായിരുന്നു.

സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യകത മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ നിയമത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗം വായിച്ചത്. പൗരത്വ നിയമത്തിനെതിരെയുള്ള ഭാഗം വായിച്ചപ്പോള്‍ ഭരണപക്ഷം ഡെസ്‌കില്‍ അടിച്ച് സ്വാഗതം ചെയ്തു. നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വായിച്ചു. ഇത് സര്‍ക്കാരിന്റെ നയമല്ല, കാഴ്ചപ്പാട് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിന്  എത്തിയ ഗവര്‍ണറെ പ്രതിപക്ഷം നിയസഭയില്‍ തടഞ്ഞിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ വഴിയടച്ച് ഗവര്‍ണറെ തടഞ്ഞു കൊണ്ട് പ്രതിഷേധിക്കുകയായിരുന്നു. ഗവര്‍ണര്‍ പ്രധാന കവാടത്തിന് മുന്നില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആരംഭിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്.

Story Highlights: kerala governor, aarif muhammad khanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More