ജാമിഅ നഗറിലെ അക്രമം; 70 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ജാമിഅ നഗറിലുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. സംഘർഷത്തിൽ നേരിട്ട് പങ്കെടുത്തവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചു.
2019 ഡിസംബർ 15 നാണ് ജാമിഅ നഗറിൽ സംഘർഷമുണ്ടായത്. ഫ്രണ്ട്സ് കോളനിക്ക് സമീപമുണ്ടായ സംഘർഷത്തിൽ അഞ്ച് ബസുകൾ കത്തിനശിച്ചിരുന്നു. ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളടക്കം നൂറുകളക്കിന് പേർ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക് പറ്റിയിരുന്നു.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള എട്ട് കേസുകളിൽ 120 പേരെയാണ് പ്രത്യേക അന്വേഷണ സംഘം ഇതുവരെ അറസ്റ്റു ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here