പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു; യുവാവിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ച് പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് യുവാവിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു. ആലുവ പൊലീസിന്റേതാണ് നടപടി. ആലുവ കടൂപ്പാടം സ്വേദേശി അനസിനാണ് ജോലിക്കായുള്ള ക്ലിയറൻസ് നിഷേധിച്ചത്.

കൊച്ചിൻ ഷിപ്യാർഡിലെ ജോലിക്കായാണ് അനസ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസ് ക്ലിയറൻസിനുള്ള അപേക്ഷ നൽകിയത്. എന്നാൽ ഒരു പെറ്റി കേസ് പോലുമില്ലാത്ത അനസിന് പൊലീസ് ക്ലിയറൻസ് നൽകാൻ തയ്യാറായില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിനാൽ കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ ക്ലിയറൻസ് നൽകാനാകൂ എന്നായിരുന്നു വിശദീകരണം. തുടർന്ന് ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടുകയും യുവാവിന് പൊലീസ് ക്ലിയറൻസ് നൽകാത്തതിൽ പ്രതിഷേധമുയർത്തുകയും ചെയ്തു.

എന്നാൽ സ്വാഭാവിക നടപടികളുടെ ഭാഗമായാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തത് അന്വേഷിക്കണമെന്ന് അപേക്ഷയിൽ രേഖപ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. വിഷയം വിവാദമായതോടെ സംഭവം അന്വേഷിക്കാമെന്നും നാളെത്തന്നെ പൊലീസ് ക്ലിയറൻസ് നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും ആലുവ റൂറൽ എസ്പി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top