സിഎഎ: പാർട്ടി നിലപാട് ചോദ്യം ചെയ്ത മുതിർന്ന നേതാക്കൾ ജെഡിയുവിൽ നിന്ന് പുറത്ത്

പൗരത്വ നിയമ ഭേദഗതി നിയമത്തിൽ ജെഡിയു നിലപാട് ചോദ്യം ചെയ്ത മുതിർന്ന നേതാക്കളെ പാർട്ടി പുറത്താക്കി. ജെഡിയു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോറിനേയും പാർട്ടി ദേശീയ വക്താവ് പവൻ വർമയേയുമാണ് പാർട്ടി പുറത്താക്കിയത്.
ജെഡിയു നിലപാട് ചോദ്യം ചെയ്തതിന് പുറമെ ബിജെപിയെ പിന്തുണയ്ക്കാനുള്ള പാർട്ടി തീരുമാനത്തെ ഇരുവരും ചോദ്യം ചെയ്തതും നടപടിക്ക് കാരണമായി. പാർട്ടി അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പുറപ്പെടുവിച്ച പ്രസ്താവനയിൽ പ്രശാന്ത് കിഷോർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിനെ അപകീർത്തിപ്പെടുത്തിയതായി കുറ്റപ്പെടുത്തി. കിഷോറിനെ പാർട്ടിയിലെടുത്തത് അമിത് ഷായുടെ നിർദേശ പ്രകാരമാണെന്ന് നിതീഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത് ഇരുവരും തമ്മിലുള്ള തർക്കം മൂർച്ഛിക്കാൻ കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിനും ഒപ്പം പവൻ വർമയ്ക്കുമെതിരെ നടപടിയുണ്ടായത്.
അതേസമയം, ഡൽഹിയിലെ രണ്ട് സീറ്റിൽ കിഷോറിന്റെ പാർട്ടിയായ ജെഡിയു ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നതും വിവാദമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here