യൂറോപ്യൻ ക്ലബിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി ബാലാ ദേവി; റേഞ്ചേഴ്സിൽ പത്താം നമ്പർ അണിയും

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബാലാ ദേവി സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സുമായി കരാറൊപ്പിട്ടു. ഇതോടെ യൂറോപ്യൻ ലീഗിൽ കളിക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ആണ് ബാലാ ദേവിയെ തേടി എത്തിയിരിക്കുന്നത്. റേഞ്ചേഴ്സിൽ നടന്ന ട്രയൽസിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനെത്തുടർന്നാണ് ബാലാ ദേവിയെ ക്ലബ് സൈൻ ചെയ്തത്. 18 മാസത്തേക്കാണ് കരാർ. റേഞ്ചേഴ്സ് പുതുതായി കരാർ ഒപ്പിട്ട 14 താരങ്ങളിൽ ഒരാളാണ് ബാലാ ദേവി.
ഇന്ത്യൻ ദേശീയ ടീമിലെ ഏറ്റവും മികച്ച താരമായ ബാലാ ദേവി പത്താം നമ്പർ ജേഴ്സിയാണ് അണിയാറ്. ഈ ജേഴ്സി നമ്പർ തന്നെയാണ് റേഞ്ചേഴ്സും ഇന്ത്യൻ ക്യാപ്റ്റനു നൽകിയത്. നേരത്തെ മാലദ്വീപിലെ ന്യൂ റേഡിയൻ്റ് സ്പോർട്സ് ക്ലബിൽ കളിച്ചുകൊണ്ടിരുന്ന ഈ 29കാരിയായ മണിപ്പൂർ സ്ട്രൈക്കർ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരമാണ്.
ഇന്ത്യക്കു വേണ്ടി 58 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ബാലാ ദേവി 52 ഗോളുകൾ നേടിയിട്ടുണ്ട്. 120 വനിതാ ലീഗ് മത്സരങ്ങളിൽ നിന്നായി നൂറ് ഗോളുകളും താരം നേടിയിട്ടുണ്ട്.
റേഞ്ചേഴ്സ് ക്ലബും ബെംഗളൂരു എഫ്സിയും സംയുക്തമായാണ് വനിതാ താരങ്ങൾക്കായി ട്രയൽസ് നടത്തിയത്.
Story Highlights: Indian footballer Bala Devi signs for Rangers FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here