‘ആ ഓവറാണ് ഞങ്ങളെ വിജയിപ്പിച്ചത്”; വിജയത്തിന്റെ ക്രെഡിറ്റ് ഷമിക്ക് നൽകി രോഹിത് ശർമ

ഇന്നലെ ന്യൂസിലൻഡിനെതിരായ മത്സരത്തിലെ വിജയത്തിനുള്ള ക്രെഡിറ്റ് പേസ് ബൗളർ മുഹമ്മദ് ഷമിക്ക് നൽകി ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ. കളി സൂപ്പർ ഓവർ വരെ എത്താൻ കാരണം ഷമി ആണെന്നും പുറത്താക്കിയത് മികച്ച താരങ്ങളെ ആണെന്നും മത്സരത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിനിടെ രോഹിത് പറഞ്ഞു.
“എല്ലാം പാക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. എല്ലാം എൻ്റെ ബാഗിനുള്ളിലായിരുന്നു. എനിക്ക് അതൊക്കെ പുറത്തെടുക്കേണ്ടി വന്നു. എൻ്റെ അബ്ഡൊമൻ ഗാർഡ് കണ്ടുപിടിക്കാൻ അഞ്ചു മിനിട്ട് വേണ്ടി വന്നു. ഷമിയുടെ അവസാന ഓവർ വളരെ നിർണായകമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ആ ഓവറാണ് ശരിക്കും ഞങ്ങളെ വിജയിപ്പിച്ചത്. എൻ്റെ രണ്ട് സിക്സറുകളല്ല. ഷമി 9 റൺസ് പ്രതിരോധിച്ചത് നിർണായകമായി. മഞ്ഞ് വീഴ്ചയിൽ അത് എളുപ്പമായിരുന്നില്ല. രണ്ട് സെറ്റ് ബാറ്റ്സ്മാന്മാർ ആയിരുന്നു ക്രീസിൽ. ഒരാൾ 95 റൺസിൽ ബാറ്റ് ചെയ്യുന്നു. മറ്റേ ആൾ ടീമിലെ ഏറ്റവുമധികം എക്സ്പീരിയൻസുള്ള താരം. എന്നിട്ടും ആ ഓവർ എറിഞ്ഞ് കളി സൂപ്പർ ഓവറിലേക്ക് നീട്ടിയ ഷമിക്ക് സല്യൂട്ട്.-” രോഹിത് പറഞ്ഞു.
വാർത്താ സമ്മേളനത്തിനു ശേഷം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയും രോഹിത് ഷമിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
സൂപ്പർ ഓവറിൽ ന്യൂസിലൻഡ് നേടിയ 17 റൺസ് ഇന്ത്യ അവസാന പന്തിൽ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസിലൻഡും 179 റൺസ് എടുത്തു. 95 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഷർദ്ദുൽ താക്കൂറും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Seriously, what a game! @MdShami11 ‘s over won us the game. Valiant effort from Williamson though.
— Rohit Sharma (@ImRo45) January 29, 2020
Story Highlights: India, New Zealand, T-20, Rohit Sharma, Mohammed Shami