Advertisement

മത്സരത്തിനിടെ എതിർ താരത്തിനു പരുക്ക്; ചുമലിൽ താങ്ങി ന്യൂസിലൻഡ് അണ്ടർ-19 കുട്ടികൾ: വൈറൽ വീഡിയോ

January 30, 2020
Google News 3 minutes Read

ന്യൂസിലൻഡ് ക്രിക്കറ്റ് ടീം മാന്യതയുടെ പര്യായമായാണ് അറിയപ്പെടുന്നത്. നായകൻ കെയിൻ വില്ല്യംസണിൻ്റെ നേതൃത്വത്തിൽ ഒട്ടേറെ ഉദാഹരണങ്ങൾ അവർ ക്രിക്കറ്റ് ലോകത്തിനു കാട്ടിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ ന്യൂസിലൻഡ് അണ്ടർ-19 ടീമും ചേട്ടന്മാരുടെ അതേ പാതയിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. മത്സരത്തിനിടെ പരുക്കേറ്റ എതിർ താരത്തെ ചുമലിൽ താങ്ങി പുറത്തെത്തിച്ചാണ് ന്യൂസിലൻഡ് അണ്ടർ-19 ടീം ക്രിക്കറ്റ് ലോകത്തിൻ്റെ കയ്യടി നേടിയത്.

അണ്ടർ-19 ലോകകപ്പിൻ്റെ സെമിഫൈനലിനിടെയായിരുന്നു സംഭവം. ന്യൂസിലൻഡും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്തത് വെസ്റ്റ് ഇൻഡീസ് ആയിരുന്നു. വെസ്റ്റ് ഇൻഡീസിനായി നല്ല രീതിയിൽ കളിച്ചു കൊണ്ടിരുന്ന കിർക് മക്കൻസി 43ആം ഓവറിൽ മസിൽ വേദനയുണ്ടായി നിലത്തു വീണു. 99 റൺസെടുത്തു നിൽക്കെ നിലത്തു വീണ മക്കൻസി റിട്ടയർഡ് ഹർട്ടായി പുറത്തു പോയി. 48ആം ഓവറിലെ നാലാം പന്തിൽ 9 വിക്കറ്റുകളും നിലം പതിച്ചതോടെ മക്കൻസി വീണ്ടും ക്രീസിലെത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ താരം ബൗൾഡായി. ഔട്ടായി മടങ്ങിപ്പോകുന്ന മക്കൻസി നടക്കാൻ ബുദ്ധിമുട്ടുന്നതു കണ്ട ന്യൂസിലൻഡ് താരങ്ങൾ താരത്തെ ചുമലിൽ താങ്ങി ബൗണ്ടറി ലൈൻ കടത്തുകയായിരുന്നു.

മത്സരത്തിൽ ന്യൂസിലൻഡ് ആവേശകരമായ ജയമാണ് കുറിച്ചത്. 240 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസ് 8 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിൽ ഒരു ഘട്ടത്തിൽ പതറുകയായിരുന്നു. ഒൻപതാം വിക്കറ്റിലെ അപരാജിതമായ 87 റൺസ് കൂട്ടുകെട്ട് ന്യൂസിലൻഡിന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ, ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ ഇന്ത്യ വിജയിച്ചിരുന്നു. 74 റൺസിനാണ് ഇന്ത്യ ഓസീസിനെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 43.3 ഓവറിൽ 159 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി കാർത്തിക് ത്യാഗി നാലും ആകാശ് സിംഗ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

വീഡിയോ കാണാം

Story Highlights: Injury, U-19 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here