കൊറോണ വൈറസ് സൈബർ ലോകത്തും; ജാഗ്രത പാലിക്കാൻ നിർദേശം

ലോകം കൊറോണ വൈറസ് ഭീതിയിലാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയുമായി മുൻകരുതൽ നടപടികളെ കുറിച്ചും സ്വീകരിക്കേണ്ട സുരക്ഷാ മാർഗങ്ങളെ കുറിച്ചും വാർത്തകളും ലഘുലേഖകളും പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇതിന്റെ മറവിൽ ഒരു മാൽവെയറും സൈബർ ലോകത്ത് കിടന്നുകറങ്ങുന്നുണ്ട്.
കൊറോണ വൈറസിനെ കുറിച്ചുള്ള ലേഖനം എന്ന് തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് നിലവിൽ ഈ മാൽവെയർ പ്രചരിക്കുന്നത്. പിഡിഎഫ്, എംപി4 തുടങ്ങിയ ഫോർമാറ്റുകളെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഹാക്കർമാർ മാൽവെയറിന് രൂപം നൽകിയിരിക്കുന്നത്.
ഇവ ഫോണിലോ കമ്പ്യൂട്ടറിലോ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ ഹാക്കർമാർക്ക് സിസ്റ്റത്തിൽ കടന്നു കയറാൻ അനുമതി ലഭിക്കുകയും, ഫോണിൽ നാം സൂക്ഷിച്ചിരിക്കുന്ന ഡേറ്റ നശിപ്പിക്കുകയോ കോപ്പി ചെയ്‌തെടുക്കുകയോ ചെയ്യും.
നിരവധി പേരാണ് നിലവിൽ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മാൽവെയറിനെതിരെ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, കൊറോണ വൈറസിനെ തുടർന്ന് ചൈനയിൽ 170 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകളാണ് ഇത്. ലോകത്താകമാനമായി 9700 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ചൈനയ്ക്ക് പുറത്ത് 20 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പിൻസിലുമാണ്. ലോക ആരോഗ്യ സംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി.
Story Highlights – Corona virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here