Advertisement

മാർക്ക് ദാന വിവാദം; ഗവർണറുടെ സാങ്കേതിക സർവകലാശാലയിലെ ഹിയറിംഗ് ഇന്ന്

February 1, 2020
Google News 1 minute Read

കേരള സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഹിയറിംഗ് ഇന്ന്. ബിടെക് വിദ്യാർത്ഥിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഇടപെട്ട് ജയിപ്പിച്ചുവെന്ന ആരോപണത്തിലാണ് ചാൻസിലർ കൂടിയായ ഗവർണറുടെ ഇടപെടൽ. സാങ്കേതിക സർവകലാശാല നടത്തിയ ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ നിർദേശപ്രകാരം മൂന്നാം തവണ മൂല്യനിർണയം നടത്തി വിജയിപ്പിച്ചതായാണ് പരാതി.

Read Also: മാർക്ക് ദാന വിവാദം: ക്രമവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്ന് കെടി ജലീൽ

നടപടി റദ്ദാക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സർവകലാശാലകളിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും പങ്കെടുത്ത് നടത്തുന്ന അദാലത്തുകൾ ചട്ടവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുളള പരാതിയിലാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്ന് ഹിയറിംഗ് നടത്തുക. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ, പരാതിക്കാരനായ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മറ്റി ചെയർമാൻ ആർ എസ് ശശികുമാർ, മൂന്നാം മൂല്യനിർണയത്തിലൂടെ ബിടെക് വിജയിച്ച വിദ്യാർത്ഥി എന്നിവർ ഇന്ന് രാജ്ഭവനിൽ നടക്കുന്ന ആദ്യഘട്ട ഹിയറിംഗിൽ പങ്കെടുക്കും.

മന്ത്രി കെ ടി ജലീലിനെ ഗവർണർ ഇന്ന് വിളിപ്പിച്ചിട്ടില്ല. വിഷയത്തിൽ ചാൻസിലർ എന്ന നിലയിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനുളള പൂർണ അധികാരം ഗവർണർക്കുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ ഇടപെടാനോ ചോദ്യം ചെയ്യാനോ അധികാരമില്ല. ഫെബ്രുവരി 15നാകും എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിലെ ഹിയറിംഗ് നടക്കുക. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ഗവർണറുടെ ഹിയറിംഗ് നടക്കുന്നതും സഭാ സമ്മേളന വേളയിലാണെന്നതും ശ്രദ്ധേയം.

 

governor, mark giving controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here