മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതിശ്രീറാം വെങ്കിട്ടരാമനാണ്. ഒപ്പമുണ്ടായിരുന്നവഫ ഫിറോസാണ്രണ്ടാം പ്രതി. മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ചതാണ്അപകടകാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
വഞ്ചിയൂർ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും കാറിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെ രണ്ടാം പ്രതിയുമാക്കിയാണ് കുറ്റപത്രം പൊലീസ് തയാറാക്കിയിരിക്കുന്നത്.
മദ്യപിച്ച് വാഹനമോടിച്ചാൽ അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗതയിൽ വാഹനം ഓടിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ, മോട്ടോർ വാഹന വകുപ്പിലെ വിവിധ വകുപ്പുകൾ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വഫ ഫിറോസ് നിന്തരം ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസിൽ 100 സാക്ഷികളാണ് ഉള്ളത്. 84 രേഖകളും 72 തൊണ്ടിമുതലുകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു.
വിശദമായ ഫോറൻസിക് പരിശോധനാ ഫലങ്ങളും സമർപ്പിച്ചിട്ടുണ്ട്. 2019 ആഗസ്റ്റ് രണ്ട് അർധരാത്രിയിലാണ് കെഎം ബഷീർ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനം കെഎം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമടക്കം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. മദ്യപിച്ചത് കണ്ടെത്താൻ ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാൻ വൈകിയത് പൊലീസിന്റെ വീഴ്ചയായി കോടതി വിലയിരുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here