ഇറാഖിന്റെ നിയുക്ത പ്രധാനമന്ത്രിയായി മുഹമ്മദ് അല്ലാവിയെ പ്രഖ്യാപിച്ചു

ഇറാഖിന്റെ നിയുക്ത പ്രധാനമന്ത്രിയായി മുൻ മന്ത്രി മുഹമ്മദ് അല്ലാവിയെ പ്രസിഡന്റ് ബർഹാം സാലിഹ് പ്രഖ്യാപിച്ചു. എന്നാൽ അല്ലാവിയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭകർ.
ശനിയാഴ്ചയ്ക്കുള്ളിൽ പുതിയ പ്രധാനമന്ത്രിയെ പാർലമെന്റ് നിയമിച്ചില്ലെങ്കിൽ താൻ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ബർഹാം സാലിഹ് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് പ്രധാനമന്ത്രിയെ നിയമിക്കാൻ പാർലമെന്റ് പരാജയപ്പെട്ടതിനെത്തുടർന്നാണ് മുഹമ്മദ് അല്ലാവിയെ നിയുക്ത പ്രധാനമന്ത്രിയായി പ്രസിഡന്റ് പ്രഖ്യാപിച്ചത്.
എന്നാൽ, പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തള്ളിയ സർക്കാർവിരുദ്ധ പ്രക്ഷോഭകർ മുഹമ്മദ് അല്ലാവിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. തലസ്ഥാനമായ ബാഗ്ദാദിലെ തഹ് രി സ്‌ക്വയറിൽ നൂറുകണക്കിന് പ്രതിഷേധക്കാർ ‘മുഹമ്മദ് അല്ലാവിയെ തള്ളി’ എന്ന മുദ്രാവാക്യവുമായി തടിച്ചു കൂടിയിരുന്നു . അധികാരം പങ്കിട്ടെടുക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഭാഗമായ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയാണ് മുഹമ്മദ് അല്ലാവിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു. രാജ്യത്തെ നിലവിലെ അവസ്ഥയിലെത്തിച്ച അതേ ക്രിമിനൽ, അഴിമതി സംഘമാണ് അല്ലാവിയെ ഉയർത്തിക്കാട്ടിയിരിക്കുന്നതെന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു. പ്രതിഷേധം ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി.
അഴിമതി അവസാനിപ്പിക്കണമെന്നും നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതി പൊളിച്ചെഴുതണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇറാഖിൽ ജനാധിപത്യ പ്രക്ഷോഭം ആരംഭിച്ചത്. തുടർന്നുണ്ടായ സംഘർഷങ്ങളിൽ 500 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. എത്രയും നേരത്തെ തെരഞ്ഞെടുപ്പ് നടത്തുക, സ്വതന്ത്ര വ്യക്തിയെ പ്രധാനമന്ത്രിയായി നിയമിക്കുക, സംഘർഷങ്ങളിൽ പ്രതിഷേധക്കാർ കൊല്ലപ്പെട്ടതിന് ഉത്തരവാദികളായവരെ ശിക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here