തുടർച്ചയായ മത്സരങ്ങൾ ബുദ്ധിമുട്ടാവുന്നു എന്ന് ലോകേഷ് രാഹുൽ

ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിന്നാലെ ഇന്ത്യൻ ടീമിൻ്റെ ബിസി ഷെഡ്യൂളിനെ വിമർശിച്ച് ലോകേഷ് രാഹുലും. ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരക്കു ശേഷം നടന്ന പ്രസൻ്റേഷൻ സെറിമണിയിൽ വെച്ചാണ് തുടർച്ചയായ മത്സരങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് രാഹുൽ അറിയിച്ചത്.
“എല്ലാ മാസവും ഒരുപാട് മത്സരങ്ങളാണ് ഞങ്ങൾ കളിക്കുന്നത്. അത് ശരീരത്തിനു പ്രശ്നമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മാനസികമായും ശരീരികമായും കരുത്തരായിരിക്കാനും മികച്ച പ്രകടനം കാഴ്ച വെക്കാനും ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.”- രാഹുൽ പറഞ്ഞു. നേരത്തെ ക്യാപ്റ്റൻ വിരാട് കോലി ഇക്കാര്യം പറഞ്ഞത് ബിസിസിഐയുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു.
കളിക്കാർ ഒരു പരമ്പര പൂർത്തിയാക്കി വിമാനത്തിൽ അവിടെ നിന്ന് അടുത്ത പരമ്പരക്കായി പുറപ്പെടുന്ന കാര്യം ഏറെ ദൂരത്തിൽ അല്ലെന്നായിരുന്നു കോലിയുടെ വിമർശനം. ഭാവിയിൽ മത്സരക്രമം തീരുമാനിക്കുമ്പോൾ അല്പം കൂടി സമയം പരമ്പരകൾക്കിടയിൽ അനുവദിക്കണമെന്നും കോലി പറഞ്ഞിരുന്നു.
ജനുവരി 10നാണ് നാട്ടിൽ നടന്ന ശ്രീലങ്കൻ ടി-20 പരമ്പര അവസാനിച്ചത്. തുടർന്ന് 14ന് ഓസീസ് പരമ്പര ആരംഭിച്ചു. 19ന് ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പര അവസാനിച്ചു. ജനുവരി 24ന് ന്യൂസിലൻഡിൽ ടി-20 പരമ്പര ആരംഭിച്ചു. ഇന്നലെയാണ് (ഫെബ്രുവരി 2) പരമ്പര അവസാനിച്ചത്. അഞ്ചിന് പര്യടനത്തിലെ ഏകദിന പരമ്പരയും 21ന് ടെസ്റ്റ് പരമ്പരയും ആരംഭിക്കും. മാർച്ച് നാലിനാണ് പര്യടനം അവസാനിക്കുക. തുടർന്ന് മാർച്ച് 12ന് നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കും.
കഴിഞ്ഞ ഒരു മാസം മാത്രം 11 ടി-20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്.
Story Highlights: Virat Kohli, KL Rahul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here