വിദ്യാര്‍ത്ഥി മരിച്ച സംഭവം : സ്കൂള്‍ അധികൃതരുടെ അനാസ്ഥയെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്

മലപ്പുറത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് മരിച്ച സംഭവത്തില്‍ ഡോര്‍ അറ്റന്‍റര്‍ ഇല്ലാതിരുന്നത് അപകടത്തിന് കാരണമായതായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊളത്തൂര്‍ പൊലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റും സ്ഥലത്തെത്തി അധ്യാപകരുടെ മൊഴിയെടുത്തു. അധ്യാപകരോ ആയയോ ഇല്ലാതെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ബസില്‍ കൊണ്ടുപോവാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലപ്പുറം കുറുവ എയുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍സീനാണ് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്ന് തെറിച്ച് വീണ് മരിച്ചത്. രാവിലെ 10 മണിയോടെ വിദ്യാര്‍ത്ഥികളുമായി ബസ് സ്‌കൂളിലേക്ക് വരുന്ന വഴിയാണ് ദുരന്തമുണ്ടായത്. ഡോറിന്റെ ലോക്ക് സ്‌കൂള്‍ബാഗില്‍ കുടുങ്ങി ഡോര്‍ തുറന്ന് പോവുകയും ഫര്‍സീന്‍ തെറിച്ച് വീഴുകയുമായിരുന്നു. സ്‌കൂള്‍ ബസിന്റെ തന്നെ പിന്‍ചക്രം കയറി ഇറങ്ങിയതും മരണത്തിന് കാരണമായി. മരിച്ച ഫര്‍സീന്റെ മാതാവ് ഇതേ സ്‌കൂളിലെ അധ്യാപികയാണ്, ഇവര്‍ പ്രസവാവധിയില്‍ ലീവിലാണ്. സ്‌കൂള്‍ ബസിന്റെ നിരുത്തരവാദപരമായ സമീപനത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights- Motor vehicle department, Malappuram school bus accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here