സെൻകുമാറിന്റെ പരാതി അടിസ്ഥാന രഹിതം; മാധ്യമ പ്രവർത്തകർക്ക് എതിരെയെടുത്ത കേസ് പൊലീസ് അവസാനിപ്പിച്ചു

ടിപി സെൻകുമാറിന്റെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെയെടുത്ത കേസ് അവസാനിപ്പിച്ചു. പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കണ്ടെത്തിയാണ് പൊലീസ് കേസ് അവസാനിപ്പിച്ചത്. സെൻകുമാർ നൽകിയ പരാതിക്ക് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
മുൻ ഡിജിപി ടിപി സെൻകുമാറിന്റെ പരാതിയിൽ പറയുന്ന ഗൂഢാലോചന, കയ്യേറ്റം ചെയ്യൽ എന്നീ ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വഞ്ചിയൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് പൊലീസ് അപേക്ഷ നൽകിയിരുന്നു. കോടതി അനുമതിയോടെയാണ് പൊലീസ് കേസ് അവസാനിപ്പിച്ചത്. കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദ്,ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പി.ജി സുരേഷ് കുമാർ എന്നിവർക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തത്.
ഇവരുടെയും, സാക്ഷികളായ മാധ്യമപ്രവർത്തകരുടെയും മൊഴി പൊലീസ് ഇന്നലെ ശേഖരിച്ചിരുന്നു. മൊഴി പരിശോധിച്ചതിൽ നിന്നാണ് സെൻകുമാറിന്റെ പരാതി അടിസ്ഥാന രഹിതമാണെന്നും, തെളിവുകളില്ലെന്നുമുള്ള വിലയിരുത്തലിലേക്കു പൊലീസ് എത്തിയത്. കേസ് അവസാനിപ്പാക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു.
പൊലീസിന്റേത് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവും നിയമസഭയിൽ നിലപാടെടുത്തിരുന്നു.തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചതിനാണ് കലാപ്രേമി എഡിറ്റർ കടവിൽ റഷീദിനെ അധിക്ഷേപിക്കുന്ന തരത്തിൽ ടി.പി സെൻകുമാർ പെരുമാറിയത്. സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ കടവിൽ റഷീദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. അതേസമയം മാധ്യമപ്രവർത്തകന്റെ പരാതിയിൽ ടി.പി.സെൻകുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights- TP Senkumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here