പരുക്ക്: ആദ്യ രണ്ട് മത്സരങ്ങളിൽ കെയിൻ വില്ല്യംസൺ ഇല്ല

ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ന്യൂസിലൻഡ് ടീമിൽ ഉണ്ടാവില്ല. തോളിനു പരുക്കേറ്റ വില്ല്യംസണു പകരം മാർക്ക് ചാപ്മാൻ ടീമിൽ ഇടം നേടി. ഇന്ത്യ എക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ ചാപ്മാൻ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയിരുന്നു. വില്ല്യംസണിൻ്റെ അഭാവത്തിൽ ടോം ലാഥം കിവീസിനെ നയിക്കും.
ഇന്ത്യക്കെതിരായ മൂന്നാം ടി-20യിലാണ് വില്ല്യംസണു പരുക്കേറ്റത്. ഫീൽഡ് ചെയ്യുന്നതിനിടെ തോളിനു പരുക്കേറ്റ വില്ല്യംസൺ അവസാന രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. മൂന്നാം ഏകദിനത്തോടെ അദ്ദേഹത്തിൻ്റെ പരുക്ക് മാറുമെന്നാണ് കരുതുന്നതെന്ന് ന്യൂസിലൻഡ് ടീം ഫിസിയോ വിജയ് വല്ലഭ് പറഞ്ഞു.
നേരത്തെ, ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മയും പരുക്കേറ്റ് പുറത്തായിരുന്നു. മൂന്ന് എകദിനങ്ങളിലും രണ്ട് ടെസ്റ്റ് മത്സരങ്ങളിലും രോഹിത് കളിക്കില്ല. പകരം മായങ്ക് അഗർവാളും ശുഭ്മൻ ഗില്ലും ടീമിൽ എത്തിയിട്ടുണ്ട്. മായങ്ക് ഏകദിന ടീമിലും ഗിൽ ടെസ്റ്റ് ടീമിലുമാണ് കളിക്കുക. ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്നതാണ് മായങ്കിനു തുണയായത്. ന്യൂസിലൻഡ് എക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇരട്ട സെഞ്ചുറി അടിച്ചതാണ് ഗില്ലിനെ ടീമിലെത്തിച്ചത്. ഇരുവരും ഇന്ത്യ എ പര്യടനത്തിൻ്റെ ഭാഗമായി ന്യൂസിലൻഡിൽ തന്നെ ഉണ്ട്.
ഏകദിനത്തിൽ മായങ്ക്-പൃഥി ഷാ ജോഡി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് ക്യാപ്റ്റൻ വിരാട് കോലി അറിയിച്ചിരുന്നു. രാഹുൽ അഞ്ചാം നമ്പറിൽ ഇറങ്ങും. അതുകൊണ്ട് തന്നെ ഋഷഭ് പന്തിന് അവസാന ഇലവനിൽ സ്ഥാനം ഉണ്ടാവില്ല.
Story Highlights: Injury, Kane Williamson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here