കുറവിലങ്ങാട് പള്ളിയിൽ കപ്പൽ പ്രദക്ഷിണം

ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രഘോഷണമായി കുറവിലങ്ങാട് പള്ളിയിലെ കപ്പൽ പ്രദക്ഷിണം. കുറവിലങ്ങാട് മർത്തമറിയം ഫൊറോന പള്ളിയിൽ മൂന്ന് നോമ്പ് തിരുനാളിനോട് അനുബന്ധിച്ചാണ് എല്ലാ വർഷവും ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കുന്നത്. കടപ്പൂർ കരക്കാരാണ് തടിയിൽ തീർത്ത വലിയ കപ്പൽ വഹിച്ച് പ്രദക്ഷിണത്തിന് നേതൃത്വം നൽകുക.
Read Also: രമ്യാ നമ്പീശന്റെ ക്രിസ്തീയ ഭക്തിഗാനം. മേക്കിംഗ് വീഡിയോ കാണാം
കുറവിലങ്ങാട് മുത്തിയമ്മയുടെ മധ്യസ്ഥം തേടി ആയിരങ്ങളാണ് കപ്പൽ പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ എത്തിയത്. ആന തിടമ്പേറ്റുന്നതും ആനവായിൽ ശർക്കര നേർച്ചയും കപ്പൽ പ്രദക്ഷിണത്തിലെ പ്രത്യേകതകളാണ്. കടുത്ത ചൂടിലും വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് കടപ്പൂർ നിവാസികളായ ഏതാനും പേർ കടൽ യാത്രയ്ക്കിടെ പേമാരിയിലും കൊടുങ്കാറ്റിലും അകപ്പെട്ടെന്നും, തുടർന്ന് കുറവിലങ്ങാട് പള്ളിയിലെ മുത്തിയമ്മയെ വിളിച്ചപേക്ഷിച്ചതിനെ തുടർന്ന് രക്ഷപ്പെട്ടുവെന്നുമാണ് വിശ്വാസം. ഇതേ തുടർന്നാണ് കടപ്പൂർ നിവാസികൾ കുറവിലങ്ങാട് പള്ളിക്ക് വലിയ കപ്പൽ നിർമിച്ച് നൽകിയത്. ബൈബിളിലെ യോനാ പ്രവാചകന്റെ നിനവേ യാത്രയും കപ്പൽ പ്രദക്ഷിണത്തിൽ അനുസ്മരിക്കപ്പെടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here