Advertisement

ദി ക്യൂരിയസ് കേസ് ഓഫ് ഉന്മുക്ത് ചന്ദ്

February 4, 2020
Google News 2 minutes Read

ഉന്മുക്ത് ചന്ദ്. ചില ക്രിക്കറ്റ് പ്രേമികൾക്കെങ്കിലും ആ പേര് ഓർമയുണ്ടാവും. 2012 അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയുടെ നായകനായിരുന്നു. ഓസ്ട്രേലിയക്കെതിരെ നടന്ന ഫൈനൽ മത്സരത്തിൽ ചന്ദ് കളിച്ച ഒരു ഇന്നിംഗ്സുണ്ടായിരുന്നു. ഒരുവശത്ത് വിക്കറ്റുകൾ കടപുഴകുമ്പോൾ ക്ഷമയോടെ പിടിച്ചു നിന്ന് അവസാന ഘട്ടത്തിൽ അസാമാന്യ സ്ട്രോക്ക് പ്ലേ കെട്ടഴിച്ച ഒരു ബാറ്റിംഗ് മാസ്റ്റർ ക്ലാസ്. 111 റൺസ് നേടി പുറത്താവാതെ നിന്ന ചന്ദിൻ്റെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ തോല്പിച്ച് മൂന്നാം വട്ടം അണ്ടർ-19 ലോക ചാമ്പ്യന്മാരായി.

ലോകകപ്പ് മത്സരം ഞാൻ ടിവിയിൽ കണ്ടിരുന്നു. ഒരു യുദ്ധക്കളത്തിൽ സമചിത്തതയോടെ മുന്നിൽ നിന്ന് പട നയിക്കുന്ന സൈന്യാധിപനെപ്പോലെ ഉന്മുക്ത് ചന്ദ് കാഴ്ച വെച്ച ഇന്നിംഗ്സ് കണ്ട് ഞാൻ തരിച്ചിരുന്നു. കോപ്പിബുക്ക് ശൈലിയുടെ സൗന്ദര്യം ഉന്മുക്തിൻ്റെ വില്ലോയിൽ നിന്ന് അനുസ്യൂതം ഗ്യാലറി ലക്ഷ്യമാക്കി കുതിച്ചപ്പോൾ ആ ഷോട്ടുകളുടെ വശ്യതക്ക് മുന്നിൽ ഞാൻ വശംവദനായിപ്പോയി. ഉന്മുക്ത് ചന്ദ് ഒരു എണ്ണഛായ ചിത്രമായിരുന്നു. നോക്കും തോറും വെളിവാകുന്ന അടരുകൾ. യുവരാജിനെപ്പോലെ ഇന്ത്യക്ക് ഇതാ ഒരു ക്ലീൻ ഹിറ്ററെന്ന് ഞാൻ സ്വയം പറഞ്ഞു. ഉന്മുക്തിൻ്റെ ചിത്രം എൻ്റെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമായിരുന്ന സമയമായിരുന്നു പിന്നീട്. ലോകകപ്പ് അവസാനിക്കുമ്പോൾ വിരാട് കോലിയെപ്പോലെ ഇന്ത്യൻ അണ്ടർ-19 ടീം ക്യാപ്റ്റനിൽ നിന്ന് ഇന്ത്യൻ സീനിയർ ജേഴ്സിയണിയുന്ന ഉന്മുക്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു എനിക്ക്. പക്ഷേ, അദ്ദേഹത്തിൻ്റെ വിവരമൊന്നും അറിഞ്ഞില്ല.

മാസങ്ങളും വർഷങ്ങളും കഴിഞ്ഞു കടന്നു. ഐപിഎൽ കളിച്ചെങ്കിലും പഴയ ഉന്മുക്തിനെ കണ്ടില്ല. ഡൽഹി, രാജസ്ഥാൻ, മുംബൈ ടീമുകളിൽ ഉൾപ്പെട്ടെങ്കിലും ഉന്മുക്ത് ചന്ദ് എന്ന ബാറ്റിംഗ് വിസാർഡ് ഇല്ലാതായിക്കഴിഞ്ഞിരുന്നു. ഡൽഹിക്കു വേണ്ടി ആഭ്യന്തര മത്സരങ്ങൾ കളിച്ചെങ്കിലും അവിടെയും രണ്ടാമനായിപ്പോയി. ഉന്മുക്ത് എന്ന കളിക്കാരൻ വിസ്മൃതിയിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഈ സീസണിൽ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഉന്മുക്ത് ചേക്കേറി. ടീമിൽ അവസരങ്ങൾ കുറഞ്ഞതായിരുന്നു കാരണം. പക്ഷേ, ഉത്തരാഖണ്ഡിലും അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

8 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു അണ്ടർ-19 ലോകകപ്പിൽ ഉന്മുക്ത് ചന്ദിനെ കണ്ടു. ഇത്തവണ കമൻ്ററി ബോക്സിലായിരുന്നു അദ്ദേഹം. ഗ്രൗണ്ടിലിറങ്ങിയുള്ള കളി ഇനി സാധിക്കില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടാവാം. കോലിയോടൊപ്പമോ കോലിയെക്കാൾ അധികമോ കാലിബറുള്ള ഒരു കളിക്കാരനാണ് 26ആം വയസ്സിൽ അവസരങ്ങൾ കുറഞ്ഞതിനാൽ കമൻ്ററി ബോക്സിൽ എത്തിയത്. ഇന്നും അറിയില്ല, ഉന്മുക്തിന് എന്താണ് സംഭവിച്ചതെന്ന്.

Story Highlights: Unmukt Chand, U-19 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here