‘ഷഹീൻബാഗിലെ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്ത ആൾ ആം ആദ്മി പ്രവർത്തകനെങ്കിൽ ഇരട്ടി ശിക്ഷ നൽകണം’; അരവിന്ദ് കേജ്രിവാൾ

ഷഹീൻബാഗിലെ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്ത ആൾ ആം ആദ്മി പാർട്ടി പ്രവർത്തകനെങ്കിൽ ഇരട്ടി ശിക്ഷ നൽകൂവെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാൾ.
രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല, ക്രമസമാധാന നില തകർത്തതിന്റെ ഉത്തരവാദി ആരാണെങ്കിലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർഥിക്കാനുള്ളതെന്ന് കേജ്രിവാൾ പറഞ്ഞു.
ഷഹീൻബാഗിൽ വെടിവെപ്പ് നടത്തിയ കപിൽ ഗുജ്ജർ ആം ആദ്മി പാർട്ടി അംഗമാണെന്ന് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണ് പ്രതികരണവുമായി കേജ്രിവാൾ രംഗത്തെത്തിയത്.
കപിൽ ഗുജ്ജറിന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് അറിയില്ല. ആം ആദ്മി പാർട്ടിയുമായി വിദൂര ബന്ധമുണ്ടെങ്കിൽ പോലും 10 വർഷത്തെ തടവ് ശിക്ഷ 20 വർഷമാക്കി നൽകണമെന്നും കേജ്രിവാൾ പറഞ്ഞു. വെടിവെപ്പ് നടത്തിയ ആൾ എഎപിയോ ബിജെപിയോ കോൺഗ്രസോ ആകട്ടെ അയാളെ ജയിലിൽ അടയ്ക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. അതേ സമയം, കപിൽ ആം ആദ്മി പാർട്ടിക്കാരനാണെന്ന വാദം കുടുംബാംഗങ്ങളും നിഷേധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here