Advertisement

അവിവാഹിതകളേ, ശ്രദ്ധിക്കൂ… നിങ്ങളേക്കാൾ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം കഴിക്കൂ…; വൈറലായി കുറിപ്പ്

February 5, 2020
Google News 1 minute Read

വിവാഹം കഴിക്കുമ്പോൾ വയസ് ഒരു പ്രധാന ഘടകം തന്നെയാണ്. സ്ത്രീകൾ തങ്ങളേക്കാൾ പ്രായം കൂടുതലുള്ള പുരുഷന്മാരെയാണ് സാധാരണയായി വിവാഹം കഴിക്കാറ്. എന്നാൽ ഇതിന് വിപരീതമായി കേരളത്തിലെ സ്ത്രീകളോട് തങ്ങളേക്കാൾ പ്രായം കുറഞ്ഞ പുരുഷന്മാരെ കല്യാണം കഴിക്കാൻ ഉപദേശിക്കുകയാണ് മുരളി തുമ്മാരുകുടി.

Read Also: ഗൂഗിൾ മാപ്പിനെ പറ്റിച്ച് ജർമനിക്കാരൻ; 99 ഫോണുകൾ ഉപയോഗിച്ച് വ്യാജ ട്രാഫിക് ബ്ലോക്ക്; വീഡിയോ

കുറിപ്പ് വായിക്കാം,

വിവാഹിതരാകാത്ത പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്! കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും കൂടുകയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കേരളത്തിൽ ആണുങ്ങളുടെ ശരാശരി ആയുസ് 72 വയസും സ്ത്രീകളുടേത് 77.8 ഉം ആണ്. പൊതുവിൽ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങൾ ഇതിൽ സ്ത്രീകൾക്കായി ഒരു ‘പണി’ കരുതിവച്ചിട്ടുണ്ട്. കേരളത്തിൽ പൊതുവെ തന്നെക്കാൾ പ്രായം കൂടിയ പുരുഷന്മാരെയാണ് സ്ത്രീകൾ വിവാഹം കഴിക്കുന്നത്. ഇതിന്റെ പരിണതഫലം എന്താണ്?

അവരുടെ ഭർത്താക്കന്മാർ അവരെക്കാളും വളരെ മുൻപേ മരിച്ചുപോകുന്നു. 2011ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ 60 കഴിഞ്ഞ ആണുങ്ങളിൽ ഭാര്യ മരിച്ചവരുടെ എണ്ണം 8.8 ശതമാനമാണ്, പക്ഷെ ഭർത്താവ് മരിച്ച സ്ത്രീകളുടെ എണ്ണമാകട്ടെ 57 ശതമാനമാണ്. അതായത് അറുപത് കഴിഞ്ഞ സ്ത്രീകളിൽ രണ്ടിലൊന്നിൽ കൂടുതൽ വിധവകളാണ്. എൺപത് കഴിഞ്ഞ ആളുകളുടെ കാര്യമെടുത്താൽ ഭാര്യ മരിച്ചവരുടെ എണ്ണം 17 ശതമാനം ആകുമ്പോൾ ഭർത്താവ് മരിച്ചവരുടെ എണ്ണം 84 ശതമാനമാണ്!

സ്വന്തമായി വരുമാനമുള്ളവരോ, ഭൂമി ഉള്ളവരോ ആയ സ്ത്രീകളുടെ എണ്ണം കേരളത്തിലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രായമായി ഭർത്താവും മരിച്ച സ്ത്രീകളുടെ ജീവിതം കൂടുതൽ ദുരിതമാണ്. അറുപത് കഴിഞ്ഞ ആണുങ്ങളുടെ ഭാര്യമാർ മരിച്ചാൽ അവർ രണ്ടാമത് വിവാഹം കഴിക്കുന്നതിൽ സമൂഹം ബുദ്ധിമുട്ടൊന്നും കാണുന്നില്ലെങ്കിലും നാല്പത് കഴിഞ്ഞ വിധവകൾ രണ്ടാമത് വിവാഹം കഴിക്കുന്നത് പോലും കുടുംബത്തിനും സമൂഹത്തിനും വലിയ താല്പര്യമില്ല.

ഈ പറഞ്ഞ വിഷയങ്ങൾ നിങ്ങളെ ബാധിക്കുന്നതല്ല, വിദൂരഭാവിയിലെ കാര്യങ്ങൾ ആണെന്നൊക്കെ ആയിരിക്കും വിവാഹം കഴിക്കാത്ത പെൺകുട്ടികൾ കരുതുക. പക്ഷെ Demography is destiny. അതുകൊണ്ട് കുറച്ച് ആചാരങ്ങൾ മാറിയില്ലെങ്കിൽ ഈ വിഷയം നിങ്ങളേയും ബാധിക്കും, സംശയം വേണ്ട. അതുകൊണ്ട് വിവാഹം ചെയ്യാത്ത പെൺകുട്ടികൾ ഒരു കാര്യം ഇപ്പോഴേ മനസിൽ ഉറപ്പിക്കുക. സ്വന്തം പ്രായത്തിലും താഴെയുളള പയ്യന്മാരെ നോക്കി കല്യാണം കഴിക്കുക. എത്ര പ്രായക്കുറവുണ്ടോ അത്രയും നല്ലത് (എന്നുവെച്ച് ഓവർ ആക്കണ്ട!).

വിവാഹം കഴിച്ചവർക്കും ചെയ്യാവുന്ന കാര്യമുണ്ട്. കുടുംബത്തിലെ പകുതി സ്വത്തെങ്കിലും സ്വന്തം പേരിലാക്കുക. അച്ഛന്റെ സ്വത്ത് സ്വന്തം മക്കൾക്കല്ലേ പോകുന്നത് എന്നുള്ള തരത്തിലുള്ള ആത്മാർത്ഥത ഒന്നും വേണ്ട. ഈ മക്കളൊന്നും അച്ഛനില്ലാത്ത വയസുകാലത്ത് നിങ്ങളെ നോക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. അഥവാ നോക്കിയാൽ ബോണസായി കരുതിയാൽ മതി.

പിന്നെ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു തീരുമാനിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. വയസായി മക്കളെ ഒക്കെ കെട്ടിച്ചു കഴിഞ്ഞ് പങ്കാളി മരിച്ചുപോയാൽ ഒരു രണ്ടാം ജീവിതം ആരംഭിക്കുക. അതിനുവേണ്ടി കല്യാണം ഒന്നും കഴിക്കാൻ പോകേണ്ട കാര്യമില്ല, അതൊക്കെ ഓൾഡ് ഫാഷൻ അല്ലെ. കുറച്ചു ലിവിംഗ് ടുഗെതർ ഒക്കെ ആകാം. കുറച്ചു നാൾ നാട്ടുകാരും വീട്ടുകാരും മക്കളും കുറ്റവും മോശവും പറയുമെങ്കിലും ഇത് നമ്മുടെ ജീവിതമല്ലേ, നമുക്ക് അടിച്ചു പൊളിക്കാമെടോ.

മുരളി തുമ്മാരുകുടി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here