Advertisement

തൊലിവെളുപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾക്ക് അഞ്ച് വർഷം തടവും 50 ലക്ഷം പിഴയും; നിയമം വരുന്നു

February 6, 2020
Google News 1 minute Read

തൊലിവെളുപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം വരുന്നു. ഇത്തരം പരസ്യങ്ങൾക്ക് അഞ്ച് വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുന്ന നിയമമാണ് തയ്യാറാവുന്നത്. മുടി കൊഴിച്ചിൽ, തൊലിവെളുപ്പ്, ലൈംഗികാസ്വാദനം തുടങ്ങിയ കാര്യങ്ങളെ പറ്റിയുള്ള പരസ്യങ്ങൾക്കാണ് നിയന്ത്രണം. 1954ലെ നിയമത്തിൽ ഭേദഗതി വരുത്താനാണ് അണിയറയിൽ നീക്കം നടക്കുന്നത്.

ആദ്യത്ത തവണ ഈ കുറ്റം ചെയ്താൽ രണ്ട് വർഷത്തെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ അഞ്ച് വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനൊപ്പം 50 ലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരും. നിലവിൽ ആദ്യത്തെ തവണ ആറു മാസവും ആവർത്തിച്ചാൽ ഒരു വർഷവും തടവ് അനുഭവിക്കണം. ഇത് പരിഷ്കരിക്കാനാണ് ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. പത്രപ്പരസ്യങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന നിയമം ഇനി മുതൽ സോഷ്യൽ മീഡിയ, മറ്റ് ഇലക്ട്രോണിക്ക് മീഡിയ എന്നിവിടങ്ങളിലേക്കു കൂടി വ്യാപിക്കും.

എയ്ഡ്സ്, തൊലിവെളുപ്പ്, ഉയരം വർദ്ധിപ്പിക്കൽ തുടങ്ങിയ പരസ്യങ്ങളൊക്കെ പുതിയ നിയമത്തിനു കീഴിൽ വരും. തിങ്കളാഴ്ച പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു കൊണ്ട് ബില്ലിൻ്റെ കരട് രൂപം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 45 ദിവസങ്ങൾ കൊണ്ട് ബില്ലിന് അന്തിമരൂപം ആക്കാനാണ് ശ്രമം. കാലാകാലങ്ങളായി പരസ്യ മേഖലയിൽ നടക്കുന്ന തെറ്റിദ്ധരിപ്പിക്കലുകൾ വർധിക്കുണ്ടെന്ന് അഡ്വർട്ടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ പറയുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളാണ് നിയമത്തിനു കീഴിൽ വരിക. മാന്ത്രിക ശക്തിയുള്ള വസ്തുക്കളെന്ന തരത്തിൽ പരസ്യം നൽകി വരുന്ന കീഴ്വഴക്കം ഇതോടെ അവസാനിക്കും.

അതേ സമയം, ഏത് തരത്തിലുള്ള പരസ്യങ്ങൾക്കാണ് നിയന്ത്രണം വരിക എന്നതിൽ വ്യക്തതയില്ല. ഫെയർനസ് ക്രീമുകളും മറ്റും ഈ നിയമത്തിനു കീഴിൽ ഉൾപ്പെടില്ല എന്നാണ് വിവരം. കൃത്യമായ രേഖകളില്ലാതെ നൽകുന്ന പരസ്യങ്ങൾക്ക് പിടിവീഴുമെന്നാണ് കരുതപ്പെടുന്നത്.

Story Highlights: Advertisement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here