കൂടത്തായി കൊലപാതക പരമ്പര; ടോം തോമസ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൂടത്തായി ടോം തോമസ് വധക്കേസിൽ അന്വേഷസംഘം കുറ്റപത്രം സമർപ്പിച്ചു. ആയിരത്തി അറുപത്തിയൊൻപത് പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം. ഇതിനായി ടോം തോമസിന്റെ വിദേശയാത്ര ജോളി ഗർഭിണിയാണെന്ന് കള്ളം പറഞ്ഞ് മുടക്കി. ജോളി ടോം തോമസിന് ഗുളിക നൽകുന്നത് നേരിൽക്കണ്ട ജോളിയുടെ മൂത്ത മകനാണ് കേസിലെ ഒന്നാം സാക്ഷി.
സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ടോം തോമസിനെ ജോളി കൊലപ്പെടുത്തിയത്. മഷ്റൂം ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകിയാണ് ടോം തോമസിനെ ജോളി കൊലപ്പെടുത്തിയത് എന്നാണ് കുറ്റപത്രം. വീട്ടിലെ സന്ധ്യാ പ്രാർത്ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നൽകിയത്. പ്രാർത്ഥനയ്ക്കിടയിൽ ടോം തോമസ് കുഴഞ്ഞ് വീണു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആദ്യത്തെ വ്യാജ ഒസ്യത്ത് തയാറാക്കിയ ശേഷമാണ് ടോം തോമസിനെ ജോളി കൊലപ്പെടുത്തുന്നത്. ഗർഭിണിയാണെന്ന് തെറ്റിധരിപ്പിച്ച് ടോം തോമസിന്റെ അമേരിക്കൻ യാത്ര മുടക്കിയത് മനഃപൂർവമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഗുളിക നൽകുന്നത് കണ്ട ജോളിയുടെ മൂത്ത മകന്റെ മൊഴി കേസിൽ നിർണായകമാണ്.
ടോം തോമസിന്റെ പക്കൽ നിന്ന് പലപ്പോഴായി ജോളി സ്വന്തമാക്കിയ പണത്തിന്റെ രേഖകളും പ്രധാന തെളിവാണ്. 25 പൊലീസുകാരും മൂന്ന് മജിസ്‌ട്രേറ്റുമാരും ഉൾപ്പെടെ 175 സാക്ഷികളാണ് കേസിലുള്ളത്. ടോം തോമസ് മരിച്ചശേഷം രണ്ടാമത് വ്യാജ ഒസ്യത്തുണ്ടാക്കി രജിസ്റ്റർ ചെയ്തതിന്റെ രേഖകളും പൊലീസ് ഹാജരാക്കി. അതേ സമയം, പരിശോധനക്ക് അയച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഫലം ലഭ്യമായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here