പാലാരിവട്ടം മേൽപാലം അഴിമതി കേസ്; മുൻകൂർ ജാമ്യം തേടി മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻകൂർ ജാമ്യം തേടി മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്. അറസ്റ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ മുതിർന്ന അഭിഭാഷകരെ ഇബ്രാഹിംകുഞ്ഞ് കണ്ടു.
അതേസമയം, അന്വേഷണാനുമതി ലഭിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നോട്ടീസ് നൽകും. ക്രമിനൽ നടപടി ചട്ടത്തിലെ 41 വകുപ്പ് പ്രകാരമാണ് നടപടി. ഇതിനായി വിജിലൻസ് അന്വേഷണസംഘം യോഗം ചേരുന്നുണ്ട്. നേരത്തെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യാവലി തയാറാക്കിയാകും തുടർനടപടി.
പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് വിജിലൻസ് സംഘം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ അറസ്റ്റിന് അനുമതി നൽകിയേക്കുമെന്നുള്ള സൂചനകൾ കൂടി പുറത്തു വന്നതോടെയാണ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരോട് ഇബ്രാബിംകുഞ്ഞ് നിയമോപദേശം തേടിയത്.
അതേ സമയം, ചോദ്യം ചെയ്യലിന് വഴങ്ങിയാൽ അറസ്റ്റ് ഒഴിവാക്കാം. ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിക്കുന്നപക്ഷം ഇത് സാധ്യമാകും. യുഡിഎഫ് നേതൃത്വവും ഇത്തരമൊരു നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here