ത്രിരാഷ്ട്ര വനിതാ ടി-20; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ഇംഗ്ലണ്ടിനെതിരായ ത്രിരാഷ്ട്ര വനിതാ ടി-20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 45 റൺസെടുത്ത സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനായി ആന്യ ശ്രബ്സോൾ മൂന്നു വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഭേദപ്പെട്ട രീതിയിലാണ് തുടങ്ങിയത്. ഷഫാലി-സ്മൃതി ഓപ്പണിംഗ് കൂട്ടുകെട്ട് 39 റൺസ് നീണ്ടു നിന്നു. പവർപ്ലേയുടെ അവസാന ഓവറിൽ ഷഫാലി പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ഷഫാലിയെ (8) സോഫി എക്സ്ലസ്റ്റൺ ക്ലീൻ ബൗൾഡാക്കി. 10ആം ഓവറിൽ മന്ദനയും മടങ്ങി. 40 പന്തുകളിൽ 7 ബൗണ്ടറികളും ഒരു സിക്സറും സഹിതം 45 റൺസെടുത്ത മന്ദനയെ ഏമി ജോൺസിൻ്റെ കൈകളിലെത്തിച്ച കാതറിൻ ബ്രണ്ട് ഒരു വലിയ തകർച്ചക്ക് തുടക്കമിട്ടു.

ജമീമ റോഡ്രിഗസ് (23) ആന്യയുടെ ആദ്യ ഇരയായി. ജമീമയെ ആന്യയുടെ പന്തിൽ ഏമി ജോൺസ് സ്റ്റമ്പ് ചെയ്തു. വേദ കൃഷ്ണമൂർത്തിയെ (2) കാതറിൻ ബ്രണ്ട് സ്വന്തം ബൗളിംഗിൽ പിടികൂടി. ഹർമൻപ്രീത് കൗർ (14) ആന്യയുടെ പന്തിൽ ഹെതർ നൈറ്റിനു പിടികൊടുത്ത് മടങ്ങി. തനിയ ഭാട്ടിയ (8) ആന്യയുടെ പന്തിൽ നാറ്റ് സിവറിൻ്റെ കൈകളിൽ അവസാനിച്ചു. ദീപ്തി ശർമയും (9) അരുന്ധതി റെഡ്ഡിയും (7) പുറത്താവാതെ നിന്നു.

Story Highlights: India, England, T-20, Women’s Cricket

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top