Advertisement

സംസ്ഥാന ബജറ്റ് ; ഭൂമി രജിസ്ട്രേഷനും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചു

February 7, 2020
Google News 2 minutes Read

ജനങ്ങളെ തല്ലിയും തലോടിയും സംസ്ഥാന ബജറ്റ്. ക്ഷേമപെന്‍ഷന്‍ നൂറ് രൂപ വര്‍ധിപ്പിച്ചു. 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ആയിരം കുടുംബശ്രീ ഭക്ഷണശാലകള്‍ തുടങ്ങുമെന്നും ബജറ്റ് പ്രഖ്യാപനം.  ഭൂമി രജിസ്ട്രേഷനും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നിരക്കുയര്‍ത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ വ്യാപക പുനര്‍വിന്യാസം പ്രഖ്യാപിച്ചതോടെ പുതിയ നിയമനങ്ങള്‍ കുറയും. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് ഇനി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചപ്പോള്‍ ബൈക്കുകളുടേയും കാറുകളുടേയും നികുതി കൂട്ടി.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാന്‍ തോമസ് ഐസക് മുതിര്‍ന്നില്ല. ഭൂമിയുടെ ന്യായവിലയിലെ 10 ശതമാനം വര്‍ധന വഴി അധികവരുമാനം 200 കോടി രൂപ ലഭിക്കുമെന്നാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ഫ്‌ളാറ്റുകള്‍ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്ക് സ്റ്റാംപ് ഡ്യൂട്ടി നിശ്ചയിക്കാന്‍ സ്റ്റാംപ് ആക്ട് നിലവില്‍ വരും. ആധാരം പോക്കുവരവിന് ഫീസ് വര്‍ധിക്കും. വില്ലേജ് ഓഫിസുകളില്‍ നിന്ന് ലോക്കേഷന്‍ സ്‌കെച്ച് വാങ്ങുന്നതിനായി ഇനി 200 രൂപ നല്‍കണം.

രണ്ടുലക്ഷംവരെയുള്ള ബൈക്കുകളുടെ നികുതിയില്‍ ഒരുശതമാനവും 15 ലക്ഷം വരെയുള്ള കാറുകളുടെ നികുതിയില്‍ രണ്ടു ശതമാനവുമാണ് പുതിയ വര്‍ധനവ്. സര്‍ക്കാര്‍ തലത്തിലെ സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി ജീവനക്കാരുടെ പുനര്‍വ്യന്യാസം നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഏകീകരിക്കുന്നതിലൂടെ നിലവിലെ ഒഴിവുകള്‍ നികത്തും. കിഫ്ബി യാഥാര്‍ത്ഥ്യമാണെന്ന് ബജറ്റ് അടിവരയിടുന്നു. 20,000 കോടി രൂപയാണ് നടപ്പുവര്‍ഷം ചെലവഴിക്കുക. ജിഎസ്ടി പിരിവിന് പന്ത്രണ്ടിന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. മൂല്യവര്‍ധിത നികുതി കുടിശികയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. ബജറ്റിലെ വാഗ്ദാനങ്ങളില്‍ പുതുമയില്ലെന്നും പലതും ആവര്‍ത്തന വിരസ പ്രഖ്യാപനങ്ങളെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

 

Story Highlights-  State budget 2020, Increased rates, land registration, government services

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here