ത്രിരാഷ്ട്ര വനിതാ ടി-20; ആഷ്ലി ഗാർഡ്നറിനു ഫിഫ്റ്റി; ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ

ത്രിരാഷ്ട്ര വനിതാ ടി-20 പരമ്പരയിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തു. ആഷ്ലി ഗാർഡ്നറുടെ ഉജ്ജ്വല ബാറ്റിംഗാണ് ഓസീസിനെ മികച്ച സ്കോറിൽ എത്തിച്ചത്. 93 റൺസെടുത്ത ഗാർഡ്നർ തന്നെയാണ് ടോപ്പ് സ്കോറർ.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബൗളർമാർ തുടങ്ങിയത്. റൺസ് എടുക്കുന്നതിനു മുൻപ് തന്നെ ആതിഥേയർക്ക് എലിസ ഹീലിയെ നഷ്ടമായി. ദീപ്തി ശർമ്മക്കായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ ബെത്ത് മൂണി-ആഷ്ലി ഗാർഡ്നർ സഖ്യം 62 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. മൂണിയെ (16) ഹർലീൻ ഡിയോൾ പുറത്താക്കിയതിനു പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ മെഗ് ലാനിംഗ് ഗാർഡ്നർക്ക് ഉറച്ച പിന്തുണ നൽകി. ഇതോടെ സ്കോർ കുതിച്ചുയർന്നു. 79 റൺസിൻ്റെ മികച്ച കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കണ്ടെത്തിയത്.
22 പന്തുകളിൽ 37 എടുത്ത ലാനിംഗിനെ പുറത്താക്കിയ ദീപ്തി ശർമ്മ വീണ്ടും ഇന്ത്യക്ക് ബ്രേക്ക്‌ത്രൂ നൽകി. ഏറെ വൈകാതെ ആഷ്ലി ഗാർഡ്നറെ രാധ യാദവ് പുറത്താക്കി. 57 പന്തുകളിൽ 11 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 93 റൺസെടുത്തിട്ടാണ് ഗാർഡ്നർ മടങ്ങിയത്. എലിസ് പെറി (13) രാജേശ്വരി ഗെയ്ക്‌വാദിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. റേച്ചൽ ഹെയിൻസ് (11), സോഫി മോലിന്യൂക്സ് (1) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights: Inda, Australia, Womens Cricket, T-20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here