കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലാറ്റ് കോഴിക്കട സെന്ററില്‍ താമസിക്കുന്ന തൈപറമ്പില്‍ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്.

വിനോദിന്റെ വീടിന്റെ പരിസരത്ത് ദുര്‍ഗന്ധം പടര്‍ന്നതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനോദ് ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിനോദിന്റെയും മകന്റെയും മൃതദേഹങ്ങള്‍ വീടിന്റെ ഹാളിലും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ വീട്ടിലെ മുറികളിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

വെള്ളിയാഴ്ച മുതല്‍ ഇവരെ കുറിച്ച് വിവരമില്ലായിരുന്നുവെന്നും കുടുംബ പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കൂലിപ്പണിക്കാരനാണ് വിനോദ്. ഭാര്യ രമ കൊടുങ്ങല്ലൂരിലെ ഒരു സ്റ്റേഷനറി കടയിലെ ജീവനക്കാരിയാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് നയന, നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നീരജ്. ജില്ലാ പൊലീസ് സൂപ്രണ്ട് കെപി വിജയകുമാരന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലതെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സ്ഥലത്ത് നിന്നു ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതകളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top