രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏപ്രിലിൽ

രജനീകാന്ത് ഏപ്രിലിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ. രജനി മക്കൾ മന്ത്രത്തിലെ പ്രവർത്തകരും താരത്തിനോടടുത്ത വൃത്തങ്ങളുമാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം വൈകില്ലെന്ന് അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 14ന് ശേഷം എപ്പോൾ വേണമെങ്കിലും രജനീകാന്ത് പാർട്ടി പ്രഖ്യാപിക്കുമെന്ന് രജനി മക്കൾ മന്ത്രത്തിന്റെ ഭാരവാഹികളിലൊരാൾ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ പേര് ഇനിയും നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം. രാഷ്ട്രീയ നേതാവ് തമിഴരുവി മണിയനായിരിക്കും രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുമായി മണിയൻ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഏതൊക്കെ നേതാക്കളുമായാണ് ചർച്ച നടത്തുന്നതെന്ന് വ്യക്തമാക്കാൻ തയാറാകാതിരുന്ന മണിയൻ പട്ടാളി മക്കൾ കക്ഷി രജനീകാന്തിനൊപ്പമാണെന്ന് പറഞ്ഞു. രജനീകാന്ത് ബിജെപിക്കൊപ്പം സഖ്യം ചേരുമോ എന്ന് മണിയൻ വ്യക്തമാക്കിയില്ല.

Read Also : ശ്രീരാമന്റെയും സീതയുടേയും നഗ്ന ചിത്രങ്ങൾ പെരിയോർ ഉപയോഗിച്ചുവെന്ന പ്രസ്താവന; മാപ്പ് പറയില്ലെന്ന് രജനീകാന്ത്; താരത്തിനെതിരെ പ്രതിഷേധം ശക്തം

അതേസമയം ടിടിവി ദിനകരനൊപ്പം ചേരാൻ താരം തയാറല്ലെന്നും മണിയൻ അറിയിച്ചു. ഏപ്രിലിൽ പാർട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ച മണിയൻ തീയതി രജനീകാന്ത് അറിയിക്കുമെന്നും കൂട്ടിച്ചേർത്തു. കാര്യങ്ങൾ രജനീകാന്തിന് അനുകൂലമാണെന്നും തമിഴരുവി മണിയൻ പറഞ്ഞു.

ആർഎസ്എസ് നേതാവ് എസ് ഗുരുമൂർത്തിയുമായുള്ള രജനീകാന്തിന്റെ അടുത്ത ബന്ധം ബിജെപിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് വഴിയൊരുക്കും എന്ന തരത്തിൽ നേരത്തെ വാർത്തകളുണ്ടായിരുന്നു. സ്വന്തം പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്ന കാര്യം 2017 ഡിസംബറിൽ തന്നെ രജനീകാന്ത് വ്യക്തമാക്കിയതാണ്. ചെന്നൈ കോടാമ്പാക്കത്തെ ആരാധക സംഗമത്തിൽ വച്ചാണ് രജനി രാഷ്ട്രീയ പ്രവേശനത്തിന്റെ കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്നും രജനീകാന്ത് 2017ൽ പ്രഖ്യാപിച്ചിരുന്നു.

Story Highlights- Rajnikanth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top