ഇംപീച്ച്മെന്റിൽ തനിക്കെതിരെ മൊഴി നൽകിയ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി ട്രംപ്

ഇംപീച്ച്മെന്റിൽ തനിക്കെതിരെ മൊഴി നൽകിയ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയനിലെ സ്ഥാനപതി ഗോർഡൻ സോന്റ്ലാന്റ്, ഉക്രൈൻ വിഷയത്തിലെ വിദഗ്ധൻ ലെഫ്റ്റനന്റ് കേണൽ അലക്സാണ്ടർ വിന്റ്മാൻ എന്നിവരെയാണ് ട്രംപ് പുറത്താക്കിയത്.

Read Also: അൽഖ്വയ്ദയുടെ അറേബ്യൻ പെനിൻസുല നേതാവ് ഖാസിം അൽ റിമിയെ വധിച്ചതായി ട്രംപ്

നാല് മാസം നീണ്ട വിചാരണയെത്തുടർന്ന് ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കൻ സെനറ്റ് തീരുമാനിച്ചതിന് ശേഷം ഉദ്യോഗസ്ഥതലത്തിൽ മാറ്റം വരുത്താൻ ട്രംപ് ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇംപീച്ച്മെന്റിൽ തനിക്കെതിരെ മൊഴി നൽകിയ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള ഇപ്പോഴത്തെ തീരുമാനം.

യൂറോപ്യൻ യൂണിയനിലെ യുഎസ് സ്ഥാനപതി സ്ഥാനത്ത് നിന്ന് തന്നെ ഉടൻ പിൻവലിക്കാൻ പ്രസിഡന്റ് തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചെന്ന് ഗോർഡൻ സോന്റ്ലാന്റ് പ്രസ്താവനയിൽ പറഞ്ഞു. തനിക്കൊരവസരം തന്ന പ്രസിഡന്റ് ട്രംപിനും എപ്പോഴും പൂർണ പിന്തുണ നൽകിയ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്കും സോന്റ്ലാന്റ് നന്ദി അറിയിച്ചു.

അതേസമയം, സത്യം പറഞ്ഞതിനാണ് വൈറ്റ് ഹൗസിലെ ഉക്രൈൻ വിഷയത്തിലെ വിദഗ്ധൻ ലെഫ്റ്റനന്റ് കേണൽ അലക്സാണ്ടർ വിന്റ്മാനെ പുറത്താക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഡേവിഡ് പ്രസ്മാൻ പറഞ്ഞു. സത്യത്തോടുള്ള അദ്ദേഹത്തിന്റെ ആദരവും പ്രതിബദ്ധതയും അധികാരത്തിലുള്ളവരെ ഭയപ്പെടുത്തി. ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി പ്രതികാരം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഡേവിഡ് പ്രസ്മാൻ പറഞ്ഞു. അലക്സാണ്ടർ വിന്റ്മാനെതിരെയുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാൻ ട്രംപ് മടിച്ചില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ താൻ തൃപ്തനല്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഗാർഡൻ സോന്റ്ലാന്റും അലക്സാണ്ടർ വിന്റ്മാനും ഇംപീച്ച്മെന്റ് വിചാരണയ്ക്കിടെ കഴിഞ്ഞ വർഷം നവംബറിലാണ് ട്രംപിനെതിരെ മൊഴി നൽകിയത്.

 

donald trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top