സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 4408 പേര്‍: ഗതാഗത മന്ത്രി

സംസ്ഥാനത്ത് 2018 നെ അപേക്ഷിച്ച് 2019 ല്‍ റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണം വര്‍ധിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. 2019 ല്‍ 41253 അപകടങ്ങളില്‍ നിന്ന് 4408 പേര്‍ മരിച്ചു. ഹെല്‍മറ്റ് ധരിക്കാത്തത് ഉള്‍പ്പടെയുള്ള മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് 2019 ഡിസംബര്‍ മുതല്‍ പിഴ ഈടാക്കിയ ഇനത്തില്‍ 13.53 കോടി രൂപ ലഭിച്ചു. കൂടുതല്‍ പിഴ ലഭിച്ചത് തൃശൂര്‍ ജില്ലയ്ക്കാണ്. യു പ്രതിഭ എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി റോഡ് അപകടങ്ങളുടെ കണക്ക് വ്യക്തമാക്കിയത്.
2018-ല്‍ 40,999 റോഡപകടങ്ങള്‍ ഉണ്ടായി. ഇതില്‍ 4333 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2019 ല്‍ ഇത് 41,253 അപകടങ്ങളില്‍ നിന്ന് 4,408 പേര്‍ മരിച്ചെന്നും മന്ത്രി പറഞ്ഞു. ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കെതിരെ 2,76,584 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും മന്ത്രി അറിയിച്ചു. 33,80,72,125 രൂപ പിഴ ഈടാക്കി. വിവിധ ട്രാഫിക് നിയമ ലംഘനങ്ങളില്‍പ്പെട്ട 28,020 പേരുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്‌തെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here