സർക്കാർ യുപി സ്കൂളിൽ പ്രാർത്ഥനാ ലഘുലേഖ വിതരണം ചെയ്തു; തിരുവനന്തപുരത്ത് അധ്യാപികമാർക്ക് നിർബന്ധിത അവധി

തിരുവനന്തപുരത്ത് സർക്കാർ യുപി സ്കൂളിൽ മതചിഹ്നങ്ങൾ നിറഞ്ഞ പ്രാർത്ഥനാ ലഘുലേഖ വിതരണം ചെയ്ത അധ്യാപികമാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം. ലഘുലേഘ പുസ്തകത്തിനകത്ത് വെച്ച് വൈകുന്നേരങ്ങളിൽ പ്രാർത്ഥിക്കാനാണ് അധ്യാപികമാർ കുട്ടികളോട് നിർദേശിച്ചത്. ഇതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടി.
തിരുവനന്തപുരം അഴീക്കോട് മണ്ടകുഴി ഗവ യുപി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച 3 മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്ത പ്രാർത്ഥനാ ലഘുലേഘയാണ് വിവാദമായത്. ഗണിത സ്തുതി നിത്യേന ഉരുവിട്ടാൽ കണക്ക് മനഃപാഠമാക്കാമെന്ന് ധരിപ്പിച്ചായിരുന്നു ലഘുലേഘാ വിതരണം. എംടി രാജലക്ഷ്മി എന്ന അധ്യാപികയാണ് ലഘുലേഘ വിതരണം ചെയ്തത്.
മതചിഹ്നങ്ങൾ നിറഞ്ഞ സ്തുതിയിൽ അത് വിതരണം ചെയ്ത സ്കൂളിലെ അധ്യാപികയുടെ പേര് പ്രിൻറ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച വീടുകളിലെത്തിയ കുട്ടികൾ പ്രാർത്ഥന വായിക്കുമ്പോഴാണ് രക്ഷിതാക്കളുടെ ശ്രദ്ധയിൽ വിഷയം പെടുന്നത്. തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും സ്കൂളിലെത്തി പ്രതിഷേധിക്കുകയും അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.
കണക്ക് ക്ലാസ് എടുക്കാൻ പുറത്ത് നിന്ന് എത്തി വിരമിച്ച അധ്യാപകനുമായി ചേർന്നായിരുന്നു അധ്യാപികയുടെ ലഘുലേഘാ വിതരണം. പ്രധാന അധ്യാപിക അറിയാതെയായിരുന്നു ഇത്. പ്രാർത്ഥനയിൽ പോരായ്മ തോന്നിയില്ലെന്ന് പറഞ്ഞ മറ്റൊരു അധ്യാപികയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന് രക്ഷിതാക്കൾ ആരോപിച്ചു. അധ്യാപികമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് എ.ഇ.ഒ രാജ്കുമാർ 24നോട് പറഞ്ഞു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരോടും താത്കാലിക അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Highlights: Pamphlet, Teacher, Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here