ശബരിമല വിഷയം ; വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സുപ്രിം കോടതി

ശബരിമല കേസ് വിശാല ബെഞ്ച് രൂപീകരണത്തില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിശാല ബെഞ്ചിന് വാദം കേള്‍ക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. ഫാലി എസ് നരിമാനടക്കമുള്ള നിയമ വിദഗ്ധരുടെ വാദം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഒമ്പതംഗ ബെഞ്ചിന് സാധുതയുണ്ടെന്ന് പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര റാവു, മോഹന്‍ എം ശാന്തഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെടുന്നു.

രണ്ട് ഘട്ടമായാണ് കേസ് പരിഗണിക്കുക. വാദങ്ങളും എതിര്‍വാദങ്ങളും പത്ത് ദിവസത്തിനുള്ളില്‍ തീരുമാനിക്കണം. വാദങ്ങള്‍ അഞ്ച് ദിവസത്തിനുള്ളിലും എതിര്‍വാദങ്ങള്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളിലും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ആരൊക്കെ മുഖ്യവാദങ്ങള്‍ നടത്തണമെന്ന് തീരുമാനിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. വിശാല ബെഞ്ച് ഫെബ്രുവരി 17 ന് വാദം തുടങ്ങും. ഏഴ് പരിഗണനാ വിഷയങ്ങള്‍ വിശാല ബെഞ്ച് പരിശോധിക്കും.

വിശാല ബെഞ്ച് പരിശോധിക്കുന്ന ഏഴ് പരിഗണനാ വിഷയങ്ങള്‍

1. അനുച്ഛേദം 25 വിഭാവനം ചെയ്യുന്ന മതവിശ്വാസം അനുഷ്ഠിക്കാനുള്ള അവകാശത്തിന്റെ വ്യാപ്തിയും പരിധിയും

2. അനുച്ഛേദം 25 ല്‍ പറയുന്ന വിശ്വാസ അവകാശങ്ങളും അനുച്ഛേദം 26ല്‍ പറയുന്ന പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം

3. മതത്തിലെ പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശങ്ങള്‍ ധാര്‍മികത അടക്കം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ പാര്‍ട്ട് മൂന്നിന് വിധേയമാണോ?

4. അനുച്ഛേദം 25ലും 26ലും പറയുന്ന ധാര്‍മികത എന്ന വാക്കിന്റെ വ്യാപ്തിയും ലക്ഷ്യവും. അതില്‍ ഭരണഘടനാ ധാര്‍മികത ഉള്‍പ്പെടുമോ?

5. മതാചാരങ്ങള്‍ ജുഡീഷ്യല്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനുള്ള സാധ്യത

6. അനുച്ഛേദം 25(2) ബിയില്‍ പറയുന്ന ഹിന്ദു വിഭാഗം എന്നതിന്റെ അര്‍ത്ഥമെന്ത് ?

7. അന്യമതസ്ഥന് മറ്റ് മതങ്ങളിലെ വിശ്വാസങ്ങളെ ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ കഴിയുമോ?

Story Highlights – Sabarimala verdict, broad bench, Sabarimala review petition.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top