Advertisement

പൊലീസിന് നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തരാണോ എന്നറിയാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇനി നേരിട്ട് വിളിക്കും

February 10, 2020
Google News 1 minute Read

പരാതിക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേല്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാന്‍ അവസരം ഒരുങ്ങുന്നു. ഇനിമുതല്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാരും തങ്ങളുടെ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയ പത്തു പേരെ എല്ലാ ദിവസവും വൈകിട്ട് നേരിട്ട് ഫോണില്‍ വിളിച്ച് ഈ വിവരങ്ങള്‍ അന്വേഷിക്കും.

റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും തങ്ങളുടെ അധികാര പരിധിയില്‍ നിന്ന് 10 പരാതിക്കാരെ തെരഞ്ഞെടുത്ത് ഫോണില്‍ സംസാരിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും സംസ്ഥാന പൊലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണില്‍ വിളിച്ച് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും. ഇതിനായി പരാതിക്കാര്‍ പരാതിയോടൊപ്പം ഫോണ്‍ നമ്പര്‍ കൂടി നല്‍കിയാല്‍ മതിയാകും. പൊലീസ് സ്റ്റേഷനുകള്‍ സര്‍വീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവില്‍ വരും.

രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തില്‍ ചെയ്യുന്നത് പോലെ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. അതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്താലുടന്‍തന്നെ അതിന്റെ വിശദ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും.

ഈ സാഹചര്യത്തിലാണ് പരാതിക്കാരന് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും പരാതിയില്‍ സ്വീകരിച്ച നടപടിയെക്കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടുതന്നെ ഫോണില്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിലും പരാതികള്‍ കൈപ്പറ്റിയ ശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തും.

Story Highlights: kerala police,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here