ഷഹിന്‍ ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കൊണ്ട് ആഗോളശ്രദ്ധ നേടിയ ഷഹിന്‍ ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. നിലവില്‍ ബിജെപി സ്ഥാനാര്‍ഥി ബ്രഹാം സിംഗിനെക്കാള്‍ 86151  വോട്ടുകള്‍ക്ക് മുന്നിലാണ് ആം ആദ്മി സ്ഥാനാര്‍ത്ഥി അമാനത്തുള്ള ഖാന്‍.

ഷഹിന്‍ ബാഗായിരുന്നു ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രം. വര്‍ഗീയ ധ്രുവീകരണത്തിനായി ഷഹിന്‍ ബാഗിലെ പൗരത്വ പ്രതിഷേധത്തെ ബിജെപി പരമാവധി ഉപയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടാണ് ഇതിന് നേതൃത്വം കൊടുത്തത്. ഫെബ്രുവരി എട്ടിന് ഇവിഎമ്മിന്റെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, ഷഹിന്‍ ബാഗില്‍ അതിന്റെ കറന്റടിക്കണമെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

ഷഹിന്‍ ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീട്ടില്‍ കയറി സഹോദരിമാരെയും അമ്മമാരെയും തട്ടികൊണ്ടുപോകുമെന്ന ബിജെപി എംപി പര്‍വീഷ് വര്‍മയുടെ പ്രസ്താവനയും ഏറെ ചര്‍ച്ചയായി. വോട്ടെടുപ്പിന്റെ മണിക്കൂറുകള്‍ക്ക് മുന്‍പ് ചാവേറുകളുടെ വിളനിലമാണ് ഷഹിന്‍ ബാഗെന്ന് ബിജെപി എംപി ഗിരിരാജ് സിംഗ് ട്വിറ്റ് ചെയ്തതും ഇതേ ധ്രുവീകരണ തന്ത്രത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ തന്ത്രം പാടെ പാളിയെന്നതാണ് ഓഖ്‌ലയിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. 2015ലെ തെരഞ്ഞെടുപ്പിലും ഓഖ്ലയില്‍ നിന്ന് അമാനത്തുള്ള ഖാന്‍ തന്നെയാണ് വിജയിച്ചത്. ബിജെപിയുടെ ബ്രഹാം സിംഗിനെ തന്നെയാണ് അന്നും അമാനത്തുള്ള പരാജയപ്പെടുത്തിയത്. 64532 വോട്ടിനായിരുന്നു 2015 ല്‍ അമാനത്തുള്ളയുടെ വിജയം.

 

Story Highlights- AAP, Okhla constituency, delhi elections 2020,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top