തിരുവനന്തപുരം കവടിയാർ റോഡിൽ അപകടം തുടർക്കഥയാകുന്നു; ഇന്നലെയും ഇന്നുമായുണ്ടായത് മൂന്ന് അപകടങ്ങൾ

തിരുവനന്തപുരം നഗരത്തിലെ പ്രധാന പാതയായ കവടിയാറിൽ അപകടം തുടർക്കഥയാകുന്നു. ഇന്നലെയും ഇന്നുമായുണ്ടായത് മൂന്ന് അപകടങ്ങൾ. ഇന്നലെ രാത്രി ബിഎംഡബ്‌ള്യു കാർ അപകടത്തിൽപ്പെട്ടതും, കാറിന്റെ നമ്പർ പ്ലേറ്റ്‌ ഉടമ മാറ്റിയതും വിവാദത്തിനു വഴിവച്ചിരുന്നു. നഗരത്തിലെ പ്രധാന പാതകളിലെ സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണെന്നും ആക്ഷേപമുണ്ട്.

തലസ്ഥാന നഗരിയിലെ പ്രധാന പാതകളിലൊന്നാണ് കവടിയാർ റോഡ്.  പ്രധാന നഗരപാതയിലൂടെ ജനങ്ങളുടെ ജീവന് ഭീഷണിയായി ചീറിപ്പായുന്ന വാഹനങ്ങൾക്ക് മൂക്കുകയർ ഇടാൻ അധികൃതർക്ക് കഴിയുന്നില്ല. ഇന്നലെ രാത്രി 11 മണിക്ക് അമിതവേഗതയിൽ പാഞ്ഞെത്തിയ ബിഎം ഡബ്‌ള്യു കാർ ഡിവൈഡറിന് സമീപത്തെ പോസ്റ്റിടിച്ചു തകർത്തു. വാഹനത്തിന്റെ ടയർ പൊട്ടി. സംഭവ സമയം മറ്റു വാഹനങ്ങളില്ലാത്തതിനാൽ മാത്രമാണ് ദുരന്തം ഒഴിവായത്.

അപകടം നടന്നു തൊട്ടടുത്ത നിമിഷം കാറുടമ നമ്പർ പ്‌ളേറ്റ് ചുരണ്ടി മാറ്റിയത് സംശയത്തിന് ഇടയാക്കിയിരുന്നു. പോണ്ടിച്ചേരി രജിസ്‌ട്രേഷൻ വാഹനം പിന്നീട് മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി. നാണക്കേട് ഒഴിവാക്കാനാണ് നമ്പർ പ്ലേറ്റ് മാറ്റിയതെന്നാണ് വാഹന ഉടമയായ തിരുമല സ്വദേശി സുനിൽ കുമാർ പറയുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് വരികയാണ്.

ഇതേ പാതയിൽ രാവിലെ പത്ത് മണിക്ക് സെലോറിയോ കാറും അപകടത്തിൽപെട്ടു. സമാന സംഭവം തൊട്ടടുത്ത മണിക്കൂറിലും ഉണ്ടായി അമിതവഗതയിലെത്തിയ ബൈക്കും അപകടത്തിൽപെട്ടു.  അപകടമുണ്ടാക്കുന്നവരെ പിടിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ വേഗത പരിശോധന ക്യാമറകൾ മാത്രമാണ് ഇവിടെയുള്ളത്. അതീവ സുരക്ഷാ മേഖലയായിട്ടും ഇവിടുത്തെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തത് അധികാരികൾ ശ്രദ്ധിക്കുന്നില്ല. മുൻപ് രണ്ട് അപകടങ്ങളുണ്ടായപ്പോഴും അടുത്തുള്ള കടയിലെ സിസിടിവി ക്യാമറകളായിരുന്നു പൊലീസ് പരിശോധിച്ചിരുന്നത്.

Story highlight: Kavadiyar road, accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top