അറ്റകുറ്റപ്പണിക്കു ശേഷം പണം നൽകിയില്ല; ഇന്ത്യൻ എണ്ണക്കപ്പൽ കൊച്ചിയിൽ കസ്റ്റഡിയിൽ

അറ്റകുറ്റപ്പണിക്ക് ശേഷം ശ്രീലങ്കൻ കപ്പൽ ശാലയിൽ പണം നൽകിയില്ലെന്ന പരാതിയിൽ ഇന്ത്യൻ എണ്ണ കപ്പൽ കൊച്ചിയിൽ കസ്റ്റഡിയിൽ. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഫോർട്ട്‌കൊച്ചി കോസ്റ്റൽ പോലീസ് കപ്പൽ കസ്റ്റഡിയിലെടുത്തത്. 78 ലക്ഷം രൂപ നൽകിയാൽ മാത്രമേ കപ്പൽ വിട്ടു നൽകുകയുള്ളൂ. കോടതി ഉത്തരവ് പ്രകാരം ഫോർട്ട്‌കൊച്ചി കോസ്റ്റൽ പോലീസ് കടലിൽ നങ്കൂരമിട്ട കപ്പലിൽ നോട്ടീസ് പതിപ്പിച്ചു.
ഇന്ത്യൻ എണ്ണ കപ്പലായ ഹൻസ പ്രേം എന്ന കപ്പലിനെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം ശ്രീലങ്കൻ കപ്പൽശാലയിൽ പണം നൽകിയില്ലെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. 78 ലക്ഷം രൂപയാണ് കപ്പൽ ശാലയ്ക്ക് നൽകേണ്ട തുക. പണം നൽകാതെ മുങ്ങിയെന്ന പരാതിയുമായി കൊളംബോ കപ്പൽശാല അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് കൊച്ചി തീരത്തേക്ക് വരുകയായിരുന്ന കപ്പൽ ഫോർട്ട്‌കൊച്ചി കോസ്റ്റൽ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മേയിലാണ് അറ്റകുറ്റപ്പണി നടത്തിയ ശേഷം കപ്പൽ പണം നൽകാതെ മുങ്ങിയത്. മാരി ടൈം നിയമ പ്രകാരം കപ്പൽ ഒന്നാം പ്രതിയും കപ്പലിന്റെ ഉടമ രണ്ടാം പ്രതിയുമാണ്. നിലവിൽ കമ്പനി അധികൃതർ കോടതിയിൽ ഹാജരായാൽ മാത്രമേ കപ്പൽ കസ്റ്റഡിയിൽ നിന്നു വിട്ടു കിട്ടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂ. 27 ഇന്ത്യൻ ജീവനക്കാരടങ്ങുന്ന കപ്പൽ കൊച്ചി തുറമുഖത്തു നിന്നും 14 നോട്ടിക്കൽ അകലെയാണ് നങ്കൂരമിട്ടിരിക്കുന്നത്.
Story Highlights: Ship, Custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here