സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ വാഹനങ്ങള്‍ വാങ്ങുന്നു; ആക്ഷേപം നിഷേധിച്ച് ധനമന്ത്രി

സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ വാഹനങ്ങള്‍ വാങ്ങുന്നുവെന്ന ആക്ഷേപം നിഷേധിച്ച് ധനമന്ത്രി തോമസ് ഐസക്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നില്ലെന്നും നേരത്തെ വാങ്ങിയ വാഹനങ്ങളുടെ വിവരങ്ങളാണ് ഉപധനാഭ്യർത്ഥനയില്‍ സമർപ്പിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.

ചിലവ് ചുരുക്കലിന്‍റെ ഭാഗമായി പുതിയ വാഹനങ്ങള്‍ വാങ്ങാനില്ലെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാല്‍, അന്നേദിവസം തന്നെ സഭയില്‍ വെച്ച ഉപധനാഭ്യർത്ഥനയില്‍ എട്ടു പുതിയ വാഹനങ്ങള്‍ വാങ്ങാനായിരുന്നു നിർദേശം. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്തിനടക്കമാണ്, സാമ്പത്തിക പ്രതിസന്ധിക്കിടെയും വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍, ഈ ആക്ഷേപം ധനമന്ത്രി തള്ളി.

ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ വാടകക്ക് എടുക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ അതിന് മാനദണ്ഡങ്ങള്‍ രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് പൂർണമായി ഒഴിവാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏത് തരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് പറഞ്ഞിട്ടില്ലെങ്കിലും, വാങ്ങുന്ന വണ്ടിയുടെ വിലയ്ക്കനുസരിച്ച് ധന വകുപ്പ് അധിക ഫണ്ട് അനുവദിക്കുമെന്നായിരുന്നു വിവരം. നിലവിൽ ടോക്കൺ തുകയാണ് പുതിയ വാഹനങ്ങൾക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്.

നികുതി കൂട്ടിയും വിവിധ ഫീസുകൾ വർധിപ്പിച്ചും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രഖ്യാപനങ്ങൾ നടത്തിയ സർക്കാരാണ് പുതിയ വാഹനങ്ങൾക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കാൻ ഒരുങ്ങുന്നത്. ഇതിനെതിരെ ശക്തമായ ആക്ഷേപം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് വിശദീരണവുമായി മന്ത്രി രംഗത്തെത്തിയത്.

Story Highlights: Thomas Isaac

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top