Advertisement

സർവീസ് ചട്ടങ്ങൾ ലംഘിച്ചു; ജേക്കബ് തോമസിന് നോട്ടിസ്

February 12, 2020
Google News 1 minute Read

സർവീസ് ചട്ടങ്ങൾ ലംഘിച്ച ജേക്കബ് തോമസിന് നോട്ടിസ്. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടിസ്. തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും എഡിജിപിയായി തരംതാഴ്ത്തുമെന്നും നോട്ടിസിൽ പറയുന്നു. നോട്ടിസ് കൈപ്പറ്റിയെന്ന് ജേക്കബ് തോമസ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് ജേക്കബ് തോമസിനെ തരംതാഴ്ത്തുമെന്ന വാർത്ത പുറത്തുവരുന്നത്. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം ആവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇദ്ദേഹം സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഏറെക്കാലം സസ്‌പെൻഷനിലായിരുന്ന ജേക്കബ് തോമസിനെ ഏതാനും മാസങ്ങൾ മുമ്പാണ് മെറ്റൽ ആന്റ് സ്റ്റീൽ ഇൻഡസ്ട്രീസ് എംഡിയായി നിയമിച്ചത്.

സർവീസിലിരിക്കെ തന്നെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം ജേക്കബ് തോമസ് പുറത്തിറക്കിയിരുന്നു. സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ പുസ്തകം ഇറക്കുന്നതിന് സർക്കാരിന്റെ അനുമതി തേടണമെന്ന ചട്ടം ജേക്കബ് തോമസ് ലംഘിച്ചുവെന്ന് പിന്നീട് സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. ഇതിന് പുറമെ തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന സമയത്ത് ഡ്രഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

രണ്ട് വർഷത്തോളം സസ്‌പെൻഷനിലായിരുന്ന ഇദ്ദേഹം സംസ്ഥാന സർക്കാർ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയിരുന്നു. ഈ ട്രിബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുത്തത്. മെയ് 31നാണ് ജേക്കബ് തോമസ് വിരമിക്കുന്നത്. വിരമിക്കലിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാർ നടപടി.

Story Highlights jacob thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here