Advertisement

ന്യൂസിലൻഡ് പരമ്പരയിലെ മോശം പ്രകടനം; ബുംറക്ക് ഒന്നാം സ്ഥാനം നഷ്ടം

February 12, 2020
Google News 13 minutes Read

ഏറെക്കാലത്തിനു ശേഷം ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്ക് ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസിലൻഡ് പരമ്പരയിൽ ഒരു വിക്കറ്റ് പോലുമില്ലാതെ മടങ്ങേണ്ടി വന്നതാണ് ബുംറക്ക് തിരിച്ചടി ആയത്. 45 പോയിൻ്റ് നഷ്ടമായ ബുംറ ഒന്നാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്കാണ് വീണത്. കിവീസ് പേസർ ട്രെൻ്റ് ബോൾട്ടാണ് ഇപ്പോൾ ഒന്നാമത്. ബോൾട്ടിന് 727 പോയിൻ്റുണ്ട്. ബുംറക്ക് 719 പോയിൻ്റാണ് ഉള്ളത്.

പരുക്കിനു ശേഷം ടീമിലെത്തിയ ബുംറ പഴയ ഫോമിൻ്റെ നിഴൽ പോലുമല്ല. അവസാനത്തെ 7 ഏകദിനങ്ങളിൽ നിന്ന് ബുംറ നേടിയത് രണ്ടേ രണ്ട് വിക്കറ്റുകളാണ്. ഈ പരമ്പരയിൽ ഒരു വിക്കറ്റ് പോലും ബുംറക്കില്ല. എക്കോണമിയും അത്ര മികച്ചതല്ല. ആദ്യ മത്സരത്തിൽ 10 ഓവറിൽ 53 വഴങ്ങിയ ബുംറ രണ്ടാം മത്സരത്തിൽ 64 റൺസ് വഴങ്ങി. ടീമിലെ ഏറ്റവും മോശം എക്കോണമി. അവസാന മത്സരത്തിൽ വഴങ്ങിയത് 50 റൺസ്. ടി-20 ലോകകപ്പിലേക്ക് ഏറെ ദൂരമില്ലാത്ത ഈ സമയത്ത് ബുംറയുടെ മോശം ഫോം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാകും. ഡെത്ത് ഓവറുകളിൽ ലെംഗ്തും വേരിയേഷനും കൊണ്ട് ബാറ്റ്സ്മാന്മാരെ കുഴപ്പിക്കുന്ന ബുംറയെ കാണാനില്ല. യോർക്കറുകൾ എറിയാൻ ബുംറ ശ്രമിക്കുന്നേയില്ല. സ്ലോ ബോളുകൾക്ക് കൃത്യത ലഭിക്കുന്നുമില്ല.

അതേ സമയം, ബാറ്റിംഗ് റാങ്കിംഗിൽ മാറ്റമില്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഒന്നാമതും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ രണ്ടാമതും തുടരുകയാണ്. യഥാക്രമം 869, 855 പോയിൻ്റുകളാണ് ഇവർക്കുള്ളത്. 829 പോയിൻ്റുള്ള പാക്കിസ്താൻ്റെ ബാബർ അസം മൂന്നാമതുണ്ട്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ്റെ മുഹമ്മദ് നബി ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സിനെ മറികടന്ന് ഒന്നാമതെത്തി.

Story Highlights: Jasprit Bumrah, ICC Rankings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here