നിര്‍ഭയ കേസ് ; പ്രതിയുടെ അഭിഭാഷകന്‍ പിന്‍മാറി

നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി നാളെത്തേക്ക് മാറ്റി. പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ പി സിംഗ് പിന്‍മാറിയതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി നാളെത്തേക്ക് മാറ്റിയത്. അതേസമയം, പുതിയ മരണവാറന്റ് വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് നിര്‍ഭയയുടെ അമ്മ കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. നീതി വേണമെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. പ്രതി പവന്‍കുമാറിന്റെ വാദം കേള്‍ക്കാന്‍ തീരുമാനിച്ചതോടെ നിര്‍ഭയയുടെ അമ്മ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു.
മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്‍ ഗുപ്തയുടെ കേസ് ഏറ്റെടുക്കാന്‍ തയാറായില്ല. പ്രതിക്ക് നിയമ സഹായം ഉറപ്പ് വരുത്തുന്നതിനായി കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ നിയപരമായ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ മരണവാറന്റ് പുറപ്പെടുവിക്കാന്‍ സാധിക്കുവെന്ന് കോടതി പ്രതികരിച്ചു. പവന്‍ ഗുപ്തയ്ക്ക് അഭിഭാഷകനെ നല്‍കുന്നതിന് ഒരു ദിവസം കൂടി കാത്തിരിക്കാമെന്ന് കോടതി അറിയിച്ചു.
നിലവില്‍ കോടതിയില്‍ കേസുകളൊന്നും പരിഗണനയിലില്ലാത്തതിനാല്‍ വധശിക്ഷയുടെ തിയതി നിശ്ചയിക്കാന്‍ പ്രശ്‌നമില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറും അമികസ്‌ക്യൂറിയും അറിയിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന്റെ പുതിയ തിയതി നിശ്ചയിക്കുന്നതിനായി വിചാരണ കോടതിയെ സമീപിക്കാന്‍ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്.
Story Highlights- Nirbhaya case, The defendant’s lawyer withdrew