ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ പ്രതികൾ വെടിവച്ചു കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ വെടിവച്ചു കൊന്നു. ബലാത്സംഗ കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്. അതേസമയം, പെൺകുട്ടിയുടെ പിതാവിനെ പ്രതികൾ ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ടായിട്ടും നടപടിയെടുക്കുന്നതിൽ വീഴ്ച്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

തിങ്കളാഴ്ച്ച രാത്രിയാണ് ഫിറോസാബാദിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ വീടിന് സമീപത്ത്‌വച്ച് അക്രമികൾ വെടിവച്ച് കൊന്നത്. പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല. വെടിവച്ചതിന് ശേഷം പ്രതികൾ ഓടിരക്ഷപ്പെട്ടു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ആറ്മാസം മുൻപാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. സംഭവം പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛനെ ഫെബ്രുവരി ഒന്നിന് പ്രതികൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം ആഗ്ര പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസെടുത്തിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി ആഗ്ര ഐജി അറിയിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും ഐജി വ്യക്തമാക്കി.

Story highlight: Utharpradesh, raped girl father killed by accused

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top