കള്ള് കേസ് പ്രതികൾ വ്യാജ ഫോറൻസിക് രേഖ ഉണ്ടാക്കിയ സംഭവം; വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കള്ള് കേസിലെ പ്രതികൾ വ്യാജ ഫോറൻസിക് രേഖ ഉണ്ടാക്കിയതിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികൾ കോടതിയെ കബളിപ്പിച്ചെന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബാണ് വ്യാജരേഖ തയ്യാറാക്കി നല്‍കിയത്.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടുത്തുരുത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കള്ളു കേസില്‍ മൂന്ന് കോണ്‍ട്രാക്ടര്‍മാര്‍ അറസ്റ്റിലാകുന്നു. പിന്നാലെ ഇവര്‍ വിറ്റ കള്ളിന്റെ സാമ്പിളുകള്‍ പൊലീസ് തിരുവനന്തപുരത്തെ കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലേക്ക് അയച്ചു. അവിടെ നടന്ന പരിശോധനയിൽ വിറ്റത് വിഷക്കള്ളല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഹൈക്കോടതി കേസ് റദ്ദാക്കി മൂന്ന് പ്രതികളെയും വെറുതെ വിട്ടു.
എന്നാല്‍ വിഷയത്തില്‍ എക്സൈസ് ഇടപെടുകയും ക്രമക്കേട് നടന്നതായി സംശയം ഉന്നയിക്കുകയും ചെയ്തു. ഇതോടെ വിജിലന്‍സ് അന്വേഷണത്തിന് പൊലീസ് സര്‍ക്കാരിനെ സമീപിച്ചു. ഈ അന്വേഷണത്തിലാണ് അട്ടിമറി പുറത്തായത്. സയന്റിഫിക് ഓഫീസർ ജയപ്രകാശ്, യുഡി ടൈപ്പിസ്റ്റ് മൻസൂർ ഷാ എന്നിവരാണ് വ്യാജരേഖ തയ്യാറാക്കി പ്രതികളെ സഹായിച്ചതെന്ന് തെളിഞ്ഞു. പിന്നാലെ ജയപ്രകാശ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തി. ഇത് പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്.
Story Highlights: High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here