പാലാരിവട്ടം പാലം അഴിമതി; വികെ ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നോട്ടിസ്

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് നോട്ടിസ്. ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിലെ വിജിലൻസ്സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിൽ ഹാജരാകാനാണ് നിർദേശം.

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസ് നൽകിയ അപേക്ഷയിൽ ഗവർണർ അനുമതി നൽകിയിരുന്നു. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എംഎൽഎയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. അതോടെയാണ് സഭാ സമ്മേളനം അവസാനിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് നോട്ടിസ് നൽകിയത്. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇബ്രാഹിംകുഞ്ഞിനെതിരെ പരമാവധി തെളിവുകൾ അന്വേഷണ സംഘം സമാഹരിച്ചിട്ടുണ്ട്.

കേസിലെ വിവിധ രേഖകളുടെ പരിശോധന ഇതിനകം വിജിലൻസ് പൂർത്തിയാക്കി. പൊതുമരാമത്ത് മന്ത്രിയായിരിക്കെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കരാർ കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ അനുവദിച്ചുവെന്നതാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം. ചട്ടം ലംഘിച്ച് തുക മുൻകൂർ അനുവദിച്ചത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിൻറെ സമ്മർദ്ദത്തെ തുടർന്നാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ ടിഒ സൂരജ് മൊഴി നൽകിയിരുന്നു.

മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട 140 രേഖകൾ അ!ഴിമതിക്ക് തെളിവായി വിജിലൻസിന് ലഭിച്ചിട്ടുണ്ട്. പാലം നിർമ്മാണത്തിലെ എല്ലാ തീരുമാനങ്ങളും മന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതെക്കുറിച്ചെല്ലാം ചോദ്യം ചെയ്യലിൽ ഇബ്രാഹിം കുഞ്ഞിന് വിശദീകരിക്കേണ്ടി വരും. തൃപ്തികരമായ മറുപടി നൽകാൻ ഇബ്രാഹിംകുഞ്ഞിന് ക!ഴിഞ്ഞില്ലെങ്കിൽ പ്രതി ചേർക്കാനാണ് വിജിലൻസിൻറെ തീരുമാനം. വിജിലൻസ് ഡിവൈഎസ്പി ശ്യാം കുമാറാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അറസ്റ്റ് ഉണ്ടാകുമോ എന്നകാര്യത്തിൽ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാകും വിജിലൻസ് തീരുമാനമെടുക്കുക.

Story Highlights- VK IbrahimKunju, Palarivattom

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top