മരിച്ചു പോയ മകൾ അമ്മയെ കാണാനെത്തി; വെർച്വൽ റിയാലിറ്റി മാജിക്കിൽ ഒരു ടെലിവിഷൻ ഷോ

സാങ്കേതികവിദ്യയുടെ സഹായത്താൽ മരിച്ചവരെ തിരിച്ചുകൊണ്ടുവരാമോ? കഴിയുമെന്നാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള ഈ അനുഭവം കാണിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തിൽ വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഏഴു വയസുകാരി മകളെ കാണുക മാത്രമല്ല തൊട്ടുനോക്കുകയും ശബ്ദം കേൾക്കുകയും കൂടി ചെയ്തിരിക്കുകയാണ് ദക്ഷിണകൊറിയക്കാരിയായ ഒരു അമ്മ. ഒരു ദക്ഷിണകൊറിയൻ ടെലിവിഷൻ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു വികാരനിർഭരമായ ഈ പുനഃസമാഗമം.
അമ്മയെന്നെ ഓർക്കാറുണ്ടോ എന്ന് തിളങ്ങുന്ന കണ്ണുകളോടെ നെയോൺ ചോദിച്ചപ്പോൾ എപ്പോഴും എന്നായിരുന്നു അമ്മയായ ജാങിന്റെ മറുപടി. ഞാൻ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് പറഞ്ഞപ്പോൾ ഞാനും ഒരുപാട് മിസ് ചെയ്യുന്നുവെന്ന് ജാങ്. അജ്ഞാത രോഗത്തെ തുടർന്ന് 2016ൽ മരിച്ചുപോയ ഏഴ് വയസുകാരി നിയോണിനെയാണ് ‘മീറ്റിങ് യു’ എന്ന ടിവി പരിപാടിയുടെ ഭാഗമായി ‘വെർച്വലി’ ജീവിപ്പിച്ചത്. അമ്മയായ ജാങ് ജി സുങിന് ഈ വെർച്വൽ മകളെ തൊട്ടുനോക്കാനും കൈപിടിക്കാനും സാധിച്ചു. സംസാരിക്കാനും കളിക്കാനും സാധിച്ചു.
വെർച്വൽ റിയാലിറ്റി ഹെഡ് സെറ്റും പ്രത്യേകം തയാറാക്കിയ കൈയുറകളും ധരിച്ചായിരുന്നു ജാങ് ജി സുങ് മകളെ കണ്ടത്. കൊറിയൻ കമ്പനിയായ എംബിസിയാണ് നെയോണിന്റെ മുഖവും ശരീരവും ശബ്ദവും പുനഃസൃഷ്ടിച്ചത്. തിളങ്ങുന്ന പർപ്പിൾ വസ്ത്രം ധരിച്ച് ചിരിച്ചു നിൽക്കുന്ന നെയോണിനെ ഒരു പൂന്തോട്ടത്തിൽ വെച്ച് ജാങ് കണ്ടുമുട്ടി. വർഷങ്ങൾക്ക് ശേഷം സ്വന്തം മകളുടെ രൂപത്തെ കാണ്ട ജാങ് വികാരാധീനയായി.
തൊടാൻ മടിച്ചുനിന്ന ജാങിനെ നെയോൺ തന്നെയാണ് തൊട്ടുനോക്കാൻ പറഞ്ഞ് പ്രേരിപ്പിച്ചത്. കൈകൾക്കുള്ളിൽ മകളുടെ കൈകൾ വെച്ചപ്പോൾ ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകുകയായിരുന്നു. അൽപനേരത്തെ കളിചിരികൾക്കൊടുവിൽ ഒരു പൂവ് നൽകി എനിക്കിപ്പോൾ വേദനയില്ല അമ്മേ എന്ന് കൂടി നെയോൺ പറഞ്ഞു. പിന്നീട് ക്ഷീണമാകുന്നുവെന്ന് പറഞ്ഞ് നെയോണിന്റെ ഡിജിറ്റൽ രൂപം കിടന്നുറങ്ങുകയായിരുന്നു.
എന്നാൽ ഈ വെർച്വൽ അഭ്യാസത്തെപ്പറ്റി മന:ശാസ്ത്രജ്ഞർക്ക് അത്ര നല്ല അഭിപ്രായമല്ല. മനുഷ്യന്റെ വൈകാരികനിലയുമായി ബന്ധപ്പെട്ട ഈ കളി അത്യന്തം അപകടകരമാണെന്നാണ് അവരുടെ മുന്നറിയിപ്പ്. ഇത്തരം കാര്യങ്ങൾക്ക് ആരും മുതിരരുതെന്നും ഇത് ധാർമികമായി ശരിയല്ലെന്നുമുള്ള അഭിപ്രായങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
virtual reality,south korea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here