മരടിൽ വിള്ളൽ വീണ വീടുകളുടെ അറ്റകുറ്റപ്പണി നാളെ തുടങ്ങും

മരടിൽ പൊളിച്ച ഫ്ളാറ്റുകളുടെ സമീപത്തുള്ള വീടുകളുടെ അറ്റകുറ്റപ്പണി നാളെ തുടങ്ങും. സ്ട്രക്ചറൽ ഡീറ്റെയിലിംഗ് പൂർത്തിയായതായി നഗരസഭ അറിയിച്ചു. വിജയ്സ്റ്റീൽസ് ജീവനക്കാർക്ക് നിർദേശം നൽകിയെന്നും വീടുകളുടെ അറ്റകുറ്റപ്പണി നാളെ ആരംഭിക്കുമെന്നും മരട് നഗരസഭ അധികൃതർ വ്യക്തമാക്കി.

മരടിൽ പൊളിച്ച ഫ്ളാറ്റുകളുടെ സമീപത്തുള്ള വീടുകളുടെ അറ്റകുറ്റപ്പണി ഒരു മാസം കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിനെത്തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. സമീപവാസികളിൽ പലരും സ്വന്തം പണം മുടക്കിയാണ് വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നത്. നാട്ടുകാർ നഗരസഭയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നഗരസഭാ അധികൃതർ വിശദീകരണവുമായി എത്തിയിരിക്കുന്നത്. കെട്ടിടങ്ങളുടെ സ്ട്രക്ചറൽ ഡീറ്റൈലിംഗ് കഴിഞ്ഞെന്നും വീടുകളുടെ അറ്റകുറ്റപ്പണി നാളെ മുതൽ ആരംഭിക്കുമെന്നും നഗരസഭാ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ അറിയിച്ചു.

വീടുകളുടെ പണികൾ പൂർത്തിയാക്കാൻ വിജയ് സ്റ്റീൽസ് ജീവനക്കാർക്കാണ് നഗരസഭ നിർദേശം നൽകിയിരിക്കുന്നത്. പ്രദേശവാസിയായ സുഗുണന്റെ വീട്ടിലാണ് ആദ്യം പണികൾ ആരംഭിക്കുക. നഗരസഭയുടെ ഈ നടപടി വീടുകളിലേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്നവർക്കു പ്രതീക്ഷ നൽകുന്നതാണ്.

Story highlight: Marad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top