ആദ്യം അമ്പരന്നു… പിന്നെ കളിചിരിയുമായി 157 പേർ

യൂണിഫോമിന്റെ കെട്ടുപാടുകളും ദൈനംദിനമുള്ള ജീവിത സാഹചര്യങ്ങളും മറന്ന് കൊച്ചിയുടെ ആകാശയാത്ര… ചിലർ പൊട്ടിച്ചിരിച്ചു… മറ്റു ചിലർ വേഗത്തെ മറികടക്കുന്ന മെട്രോ കാഴ്ചകൾ കണ്ടിരുന്നു, ചിലർ സന്തോഷത്തെ ഒരു നറു പുഞ്ചിരിയിലൊതുക്കി. എന്നാൽ, ആകാശയാത്രയ്ക്കിടയിലെ സുന്ദര നിമിഷങ്ങളെ മൊബൈൽ ക്യാമറയിൽ പകർത്തുന്ന തിരക്കിലായിരുന്നു മറ്റു ചിലർ… തികച്ചും അപരിചിതമായ അനുഭവം… ചിരിയും അത്ഭുതവും മാത്രം വിടരുന്ന മുഖങ്ങൾ.
കൂട്ടുകാരുമൊത്തുള്ള ഈ യാത്ര ഒരു പക്ഷേ അവർ ഒരിക്കലും മറക്കില്ല. ടിക്കറ്റ് എടുക്കുന്നത് മുതൽ എക്‌സലേറ്ററിൽ ഒഴുകി നീങ്ങിയതും ഒക്കെ പലർക്കും പുതിയൊരനുഭവമായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോയും സെന്റർ ഫോർ എംപവർമെന്റ് ആന്റ് എൻറിച്ച്‌മെന്റും ചേർന്നാണ് ഇങ്ങനൊരു യാത്രയ്ക്ക് രൂപം കൊടുത്തത്.
കളിയിലൂടെയും അനുഭവങ്ങളിലൂടെയും യാത്രയുടെ പുതിയൊരനുഭവം കുട്ടികളിൽ പകർന്നു നൽകുകയായിരുന്നു ഈ യാത്രകൊണ്ട് ഉദ്ദേശിച്ചതെന്ന് സെന്റർ ഫോർ എംപവർമെന്റ് ആന്റ് എൻറിച്ച്‌മെന്റിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്ന ഡോ. മേരി അനിത പറയുന്നു. 157 കുട്ടികളും 28 സ്‌പെഷ്യൽ എഡ്യുക്കേഷൻ വോളന്റിയേഴ്‌സുമാണ് കുട്ടികളോടൊപ്പം യാത്രയിൽ അനുഗമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here