പ്രായത്തിന്റെ അവശതകൾ മറന്ന് മകന്റെ സത്യപ്രതിജ്ഞ കാണാൻ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി

പ്രായത്തിന്റെ അവശതകൾക്ക് മുന്നിൽ മുട്ടുമടക്കാതെ ഉണ്ണികൃഷ്ണൻ നമ്പൂതിരി വീണ്ടും എറണാകുളത്തെത്തി. മുൻപ് സിനിമയ്ക്കു വേണ്ടി പലതവണ എറണാകുളത്ത് വന്നിട്ടുണ്ടെങ്കിലും ഇക്കുറി യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഇളയ മകൻ ‘കുഞ്ഞ്’ ഹൈക്കോടതി ന്യായാധിപനായി ചുമതലയേൽക്കുന്നത് കാണാൻ. കൂടെ വരുന്നവരോടൊക്കെ ‘സ്മാർട്ട് ആയിട്ടല്ലേ ഇരിക്കുന്നത്’ എന്ന ചോദ്യവും…

ചക്ര കസേരയിൽ ഇരുന്ന് വടുതലയിലെ വീട്ടിൽ നിന്ന് ഹൈക്കോടതി വരെ കാറിലിരുന്ന് യാത്ര. ‘ദേശാടന’ത്തിലെ മുത്തശ്ശനിൽ തുടങ്ങി ഇരുപതോളം മലയാളം, തമിഴ് ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി. അതിൽ എടുത്തു പറയേണ്ട ഒന്നായിരുന്നു. 2002ൽ പുറത്തിറങ്ങിയ ‘കല്യാണരാമൻ’ എന്ന ദിലീപ് ചിത്രത്തിലെ മുത്തശ്ശനായി വേഷമിട്ടത്. ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സംബന്ധിച്ച് മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ഒരു കഥാപാത്രമായിരുന്നു അത്.

അച്ഛന്റെ മനസും കരുതലുമാണ് തന്നെ ഈ പദവിക്ക് അർഹനാക്കിയതെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷമുള്ള പ്രസംഗത്തിൽ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞു. കാസർഗോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന സഹോദരൻ പിവികെ നമ്പൂതിരിയുടെ മരണമാണ് അഭിഭാഷകവൃത്തിയിലേക്ക് കുഞ്ഞികൃഷ്ണനെ എത്തിക്കുന്നത്. ഹൈക്കോടതിയിൽ 25 വർഷം പിന്നിട്ട അഭിഭാഷക ജീവിതത്തിനു ശേഷമാണ് പിവി കുഞ്ഞികൃഷ്ണൻ ജഡ്ജിയായി ചുമതലയേറ്റത്.

ഹൈക്കോടതിയിൽ നിയമിതനാവാനുള്ള ശുപാർശയ്ക്ക് ശേഷം രണ്ട് വർഷത്തെ ഉത്തരവിനായുള്ള കാത്തിരിപ്പിന്റെ വേദനയും അദ്ദേഹം ഈ അവസരത്തിൽ പങ്കുവയ്ക്കാൻ മറന്നില്ല. ചീഫ് ജസ്റ്റിസ് എസ് മണികുമാർ സത്യവാചകം ചൊല്ലികൊടുത്തു. അഡ്വക്കറ്റ് ജനറൽ സിപി സുധാകര പ്രസാദ്, ഹൈക്കോർട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ലക്ഷ്മിനാരായണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Story highlight: Justice kunhikrishnan, Actor unni krishnan namboodiri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top