പരുക്ക്: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇഷാന്ത് ശർമ്മ കളിക്കില്ല

കണംകാലിനു പരുക്കേറ്റ ഇഷാന്ത് ശർമ്മ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. സമീപകാലത്തായി ടെസ്റ്റ് മത്സരങ്ങളിൽ ഗംഭീര പ്രകടനം നടത്തുന്ന ഇഷാന്ത് പുറത്തിരിക്കുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ മാസം വിദർഭയ്ക്കെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ഡൽഹി താരമായ ഇഷാന്തിന് പരുക്കേറ്റത്.

ഇഷാന്തിൻ്റെ പരുക്ക് ഗുരുതരമാണെന്നും ന്യൂസിലൻഡ് പരമ്പര പൂർണ്ണമായും അദ്ദേഹത്തിന് നഷ്ടമാകുമെന്നുമായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ, പരുക്ക് ഗൗരവമുള്ളതല്ലെന്നും ആദ്യ ടെസ്റ്റിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുത്ത് അദ്ദേഹം തിരികെ വരുമെന്നും പിന്നീട് റിപ്പോർട്ടുകൾ വന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആദ്യ ടെസ്റ്റ് എങ്കിലും ഇഷാന്തിന് നഷ്ടമാകുമെന്നാണ് വിവരം. പരുക്കിനു ശേഷം ടീമിലെത്തിയ ബുംറ ഫോമിൽ അല്ലാത്തതു കൊണ്ട് തന്നെ ഇഷാന്തിൻ്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

അതേ സമയം, ഇഷാന്ത് പുറത്താവുമെങ്കിൽ പകരം നവദീപ് സെയ്നിയോ ഉമേഷ് യാദവോ ടീമിലെത്തിയേക്കുമെന്നാണ് വിവരം.

ഈ മാസം 21 മുതലാണ് ടെസ്റ്റ് പരമ്പര നടക്കുക. രണ്ട് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഇന്ന് ആരംഭിച്ച പരിശീലന മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. ന്യൂസിലൻഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ 263 റൺസിന് ഇന്ത്യ പുറത്തായി. ബാറ്റിംഗ് നിര അമ്പേ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടി ആയത്. മൂന്ന് താരങ്ങൾ മാത്രമാണ് ഇന്ത്യൻ നിരയിൽ ഇരട്ടയക്കം കടന്നത്. 101 റൺസെടുത്ത ഹനുമ വിവാരി ഇന്ത്യയുടെ ടോപ്പ് സ്കോററായി.

ടെസ്റ്റ് പരമ്പരയിൽ ഓപ്പണിംഗിലേക്ക് പരിഗണിക്കുന്ന പൃഥ്വി ഷായും ശുഭ്മൻ ഗില്ലും റണ്ണെടുക്കാതെ പുറത്തായപ്പോൾ മറ്റൊരു ഓപ്പണർ അഗർവാളിൻ്റെ സമ്പാദ്യം ഒരു റൺ മാത്രമായിരുന്നു. ഋഷഭ് പന്ത് (7), വൃദ്ധിമാൻ സാഹ (0) എന്നീ ഇന്ത്യയുടെ രണ്ട് വിക്കറ്റ് കീപ്പർമാർക്കും മികച്ച പ്രകടനം നടത്താനായില്ല.

Story Highlights: Injured Ishant Sharma May not play new zealand test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top