‘സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി മറുപടി നൽകും’; ചീഫ് സെക്രട്ടറി ടോം ജോസ്

സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച് 2018 മാർച്ചിൽ അവസാനിച്ച വർഷം കണക്കാക്കിയുള്ള റിപ്പോർട്ട് നമ്പർ 4 ആണ് ഫെബ്രുവരി 12-ന് നിയമസഭയിൽ സമർപ്പിച്ചത്. മാത്രമല്ല, ഏപ്രിൽ 2013 മുതൽ മാർച്ച് 2018 വരെ രണ്ടു സർക്കാരുകളുടെ കാലത്തു നടന്ന പ്രവർത്തനങ്ങളെ കുറിച്ചാണ് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നും ടോം ജോസ് പറഞ്ഞു.

നിയമസഭയിൽ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോർട്ടുകൾ പൊതുരേഖയാവുന്നത്. നിയമസഭാ സാമാജികർ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് ഈ റിപ്പോർട്ട് പരിശോധിക്കുന്നത്.  പൊലീസ്, ഭവന നിർമാണ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് റിപ്പോർട്ട് നമ്പർ 4. ഇതിൽ പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ ചിലർ വിവാദമാക്കുന്നത്. സിഎജി റിപ്പോർട്ടിലെ വിശദാംശങ്ങൾ നിയമസഭയിൽ വയ്ക്കുന്നതിനു മുമ്പ് പുറത്തായതായി സംശയം ഉയർന്നു വന്നിട്ടുണ്ട്. സാധാരണഗതിയിൽ സഭയിൽവച്ച ശേഷമാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകുന്നത്. എന്നാൽ, ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തായാതായാണ് സംശയം ഉയർന്നിരിക്കുന്നതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി പാർലമെന്റിന്റെയോ നിയമസഭയുടെയോ ശ്രദ്ധയിൽപ്പെടുത്തുകയെന്നത് സിഎജിയുടെ ഭരണഘടനാപരമായ ചുമതലയാണ്.  അതേസമയം, സിഎജിയുടെ റിപ്പോർട്ടിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ്‌വഴക്കമല്ല.

സിഎജി റിപ്പോർട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് തീർത്തും ദൗർഭാഗ്യകരമാണ്. സംസ്ഥാന ചീഫ് സെക്രട്ടറി പൊലീസ് വകുപ്പിന്റെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നുവെന്നത് തെറ്റായ രീതിയിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ ചില വകുപ്പുകളുടെ മേധാവിയെന്ന നിലയിൽ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇത് നിയമവിരുദ്ധവുമല്ല.

സിഎജി റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. ഇതിന് തുടർ പരിശോധനയും വിശദീകരണവും ആവശ്യമെങ്കിൽ തിരുത്തൽ നടപടികളും ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.  സംസ്ഥാന പൊലീസ് മേധാവിയെ പ്രതിക്കൂട്ടിലാക്കി വ്യാപക ക്രമക്കേടുകളുടെ ചുരുളഴിച്ചുകൊണ്ട് സിഎജി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം.

Story highlight: chief Secretary tom jose

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top