കനത്ത മഴ ലഭിച്ചു; ഓസ്ട്രേലിയയില്‍ കാട്ടുതീ നിയന്ത്രണവിധേയമായി

ആറ് മാസത്തിനിടെ ഇതാദ്യമായി ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ കാട്ടുതീ നിയന്ത്രണവിധേയമായി. കനത്ത മഴയാണ് കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സൈനികരെ സഹായിച്ചത്.

ന്യൂസൗത്ത് വെയില്‍സില്‍ പടര്‍ന്നുപിടിച്ചിരുന്ന 24 കാട്ടുതീകളും ഇപ്പോള്‍ നിയന്ത്രണവിധേയമായെന്ന് ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ ഫയര്‍ സര്‍വീസ് അറിയിച്ചു. ദുരിതപൂര്‍ണമായ ആറ് മാസത്തിന് ശേഷം കാട്ടുതീകള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായത് മഹത്തായ വാര്‍ത്തയാണെന്ന് ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ ഫയര്‍ സര്‍വീസ് ഡെപ്യൂട്ടി കമ്മീഷണര്‍ റോബ് റോജേഴ്സ് പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നത് ന്യൂ സൗത്ത് വെയില്‍സിലെ എഴുപത് ലക്ഷത്തിലധികം വരുന്ന നിവാസികള്‍ക്ക് ആശ്വാസമായി.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ നൂറുകണക്കിന് കാട്ടുതീകളാണ് ഓസ്ട്രേലിയയില്‍ പടര്‍ന്നുപിടിച്ചിരുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയ്ക്ക് കാരണമെന്നായിരുന്നു വിദഗ്ധരുടെ കണ്ടെത്തല്‍. കാട്ടുതീയില്‍ 33 പേര്‍ മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ കത്തിനശിക്കുകയും ചെയ്തു. ആയിരക്കണക്കിന് പേര്‍ക്കാണ് വീട് വിട്ട് അഭയാര്‍ത്ഥി ക്യാമ്പുകളിൽ അഭയം തേടേണ്ടിവന്നത്. മൂന്ന് കോടി ഏക്കര്‍ പ്രദേശം കത്തിനശിക്കുകയും നൂറ് കോടിയോളം ജീവികള്‍ വെന്തുമരിക്കുകയും ചെയ്തു.

 

Story Highlights- Wildfires  control in Australia
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top